|

ബിഗ്‌ബോസ് ഞാന്‍ കണ്ടിട്ടില്ല; എനിക്ക് ഇതുപോലെ പുച്ഛമുള്ള പരിപാടി വേറെയില്ല: വൈറലായി അഖില്‍ മാരാറിന്റെ പഴയ അഭിമുഖം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകനും സോഷ്യല്‍ മീഡിയയിലെയും മറ്റ് സാമൂഹിക ചര്‍ച്ചകളിലെയും നിറസാന്നിധ്യവുമായ വ്യക്തിയാണ് അഖില്‍ മാരാര്‍. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിലൊന്നായ ബിഗ് ബോസിലേക്ക് മത്സരാര്‍ത്ഥിയായി എത്തിയിരിക്കുകയാണ് അഖിലിപ്പോള്‍.

എന്നാല്‍ അദ്ദേഹം മുമ്പ് ബിഗ്‌ബോസിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.

ബിഗ്‌ബോസിലേക്ക് വിളിച്ചാല്‍ പോകില്ലെന്നാണ് അന്ന് അദ്ദേഹം ചാനല്‍ കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞന്നത്.

‘എനിക്ക് ഇതുപോലെ പുച്ഛമുള്ള പരിപാടി കേരളത്തിലില്ലായിരുന്നു. അഞ്ച് മിനിട്ട് പോലും എന്റെ ജീവിതത്തില്‍ ബിഗ്‌ബോസ് എന്ന പരിപാടി ഞാന്‍ കണ്ടിട്ടില്ല.

അതിനേക്കാള്‍ ഭേദം ഞാന്‍ ലുലു മാളില്‍ പോയി നടുറോഡില്‍ മുണ്ട് പൊക്കി നാല് പേരെ കൂട്ടുന്നതല്ലേ. അത് കാണാനും കുറേപ്പേര്‍ വരത്തില്ലേ,’ എന്നാണ് അന്ന് മാരാര്‍ ബിഗ്‌ബോസിനെക്കുറിച്ച് പറഞ്ഞത്.

അതേസമയം സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലുമുള്ള അഖിലിന്റെ വാചക കസര്‍ത്ത് ഇനി ബിഗ് ബോസിലും കാണാനാവുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് ജനം ടി.വിയില്‍ 2021 ല്‍ നടന്ന ചര്‍ച്ചയിലൂടെയാണ് അഖില്‍ മാരാര്‍ ശ്രദ്ധ നേടുന്നത്. പ്രഫുല്‍ ഖോഡ പട്ടേല്‍ എന്ന് അഖില്‍ പറഞ്ഞത് ‘പോടാ’ പട്ടേല്‍ എന്ന് അവതാരകന്‍ തെറ്റിദ്ധരിച്ച് കേട്ടത്അന്ന് വലിയ ട്രോളായിരുന്നു.

ഇതിന് ശേഷം ചാനല്‍ ചര്‍ച്ചകളിലൂടെ സജീവമായ അഖില്‍ 2022ല്‍ താത്വിക അവലോകനം എന്ന ആദ്യ ചിത്രവും സംവിധാനം ചെയ്തിരുന്നു. ആക്ഷേപ ഹാസ്യ ഴോണറിലെത്തിയ ചിത്രത്തില്‍ ജോജു ജോര്‍ജ്, ഷമ്മി തിലകന്‍, അജു വര്‍ഗീസ് മുതലായവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

content highlight: akhil marar about biggboss