| Tuesday, 27th August 2024, 9:03 am

ജൂണ്‍; ആദ്യ പടമായത് കൊണ്ട് എനിക്കൊന്നും പറയാനായില്ല; ഏറ്റവും കൂടുതല്‍ ട്രോള് കിട്ടിയത് ആ കാര്യത്തിന്: അഖില്‍ മനോജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലേക്ക് പതിനഞ്ചോളം പുതുമുഖങ്ങളെ കൊണ്ട് വന്ന ചിത്രമായിരുന്നു ജൂണ്‍. അഹമ്മദ് ഖബീര്‍ സഹ-രചനയും സംവിധാനവും നിര്‍വഹിച്ച് 2019ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ രജിഷ വിജയനാണ് ടൈറ്റില്‍ റോളില്‍ എത്തിയത്.

റിലീസായിട്ട് 5 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന ജൂണില്‍ സര്‍ജാനോ ഖാലിദ്, അര്‍ജുന്‍ അശോകന്‍, സണ്ണി വെയ്ന്‍, ജോജു ജോര്‍ജ്, അശ്വതി മേനോന്‍ എന്നിവരും ഒന്നിച്ചിരുന്നു. സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവരാണ് അസുര ഗ്യാങ്. അര്‍ജുന്‍, സൂരജ്, രാഹുല്‍ എന്നീ കഥാപാത്രങ്ങളായിരുന്നു ഈ ഗ്യാങ്ങില്‍ ഉണ്ടായിരുന്നത്.

സഞ്ജു സാനിച്ചന്‍, ഹരിശങ്കര്‍, അഖില്‍ മനോജ് എന്നിവരാണ് ജൂണില്‍ അസുരയായി എത്തിയത്. ഇപ്പോള്‍ സിനിമയിലെ തന്റെ ഗെറ്റപ്പിനെ കുറിച്ച് പറയുകയാണ് അഖില്‍ മനോജ്. സിനിമയില്‍ സൂരജായാണ് അഖില്‍ എത്തിയത്. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജൂണില്‍ എനിക്ക് മുടി വളര്‍ത്തിയ ഒരു ലുക്ക് ഉണ്ടായിരുന്നു. അതിലെ ആ മുടി ഒറിജിനലായിരുന്നു. അത് എനിക്ക് പറ്റിയ അബദ്ധമായിരുന്നു. ബാക്കിയുള്ളവര്‍ക്കൊക്കെ ചേഞ്ചുകളുണ്ട്. ഹരിക്ക് താടിയും മീശയും ഉണ്ടായിരുന്നു. അവനത് ക്ലീന്‍ ഷേവ് ചെയ്താല്‍ ചെറുപ്പമാകും. സഞ്ജുവും ഷേവ് ചെയ്താല്‍ ഓക്കെയാകും.

പക്ഷെ എന്റെ കാര്യം അങ്ങനെ അല്ലായിരുന്നു. എനിക്ക് മീശയോ താടിയോ ഉണ്ടായിരുന്നില്ല. റോണക്‌സ് ചേട്ടനാണല്ലോ മേക്കപ്പ് എന്നോര്‍ത്താണ് ഞാന്‍ ലൊക്കേഷനില്‍ പോയത്. ചേട്ടന്‍ താടിയോ മീശയോ വെച്ച് തരുമായിരിക്കും. ക്യാമ്പിന്റെ സമയത്ത് മുടി മുറിക്കരുതെന്ന് പറഞ്ഞത് കൊണ്ട് എനിക്ക് നല്ല മുടിയുണ്ടായിരുന്നു.

ആദ്യത്തെ ദിവസം മുടിയില്‍ എണ്ണയൊക്കെ തേച്ചിട്ടാണ് ഞാന്‍ പോകുന്നത്. അന്ന് മുടി മുറിക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കരുതി നന്നായി മുറിച്ചു കളയുമെന്ന്. എന്നോട് അടുത്ത ദിവസം ഷാമ്പുവിട്ട് വരാനും പറഞ്ഞു. ഞാന്‍ ഷാമ്പുവിട്ട് മുടി പറത്തിയിട്ടാണ് അടുത്ത ദിവസം സെറ്റില്‍ പോകുന്നത്.

അഹമ്മദിക്ക എന്നെ അടിമുടി നോക്കി. പിന്നെ എന്റെ മുടി ഇങ്ങനെ തന്നെ മതിയെന്ന് പറഞ്ഞു. റോണക്‌സ് ചേട്ടന്‍ വന്നിട്ട് എന്റെ മുടിയൊന്ന് ചീകി തന്ന് സ്‌പ്രേ അടിച്ചു. റെഡിയെന്ന് പറഞ്ഞു. ഫസ്റ്റ് ഷോട്ടില്‍ എന്റെ മുടി അങ്ങനെ തന്നെ ഇരിക്കുകയാണ്.

ആദ്യ പടമായത് കൊണ്ട് എനിക്കൊന്നും പറയാന്‍ പറ്റില്ലായിരുന്നു. പിന്നെ എനിക്ക് അതിലൊരു കണ്ണട ഉണ്ടായിരുന്നു. എനിക്ക് ആദ്യം തന്നത് വലിയ കണ്ണടയായിരുന്നു. അവസാനം സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറിന്റെ കണ്ണടയാണ് ഞാന്‍ ഇട്ടത്. അദ്ദേഹത്തിന് മൈഗ്രേന്‍ ഉണ്ടായിരുന്നു.

ഞാന്‍ കണ്ണട വെച്ചിട്ടാണ് നടന്നത്. പവറുള്ള കണ്ണടയാണ് അത്. എനിക്ക് ഏറ്റവും ട്രോള് കിട്ടിയത് ആ ലുക്കിനാണ്. ഫ്രണ്ട്‌സാണ് കൂടുതലും ട്രോള് ചെയ്തത്. സഞ്ജുവാണെങ്കില്‍ എനിക്ക് അതിലെ സ്റ്റിക്കറൊക്കെയെടുത്ത് അയച്ചു തരാറുണ്ട്,’ അഖില്‍ മനോജ് പറഞ്ഞു.


Content Highlight: Akhil Manoj Talks About His Look In June Movie

We use cookies to give you the best possible experience. Learn more