| Saturday, 8th September 2018, 10:00 pm

നിങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു നിങ്ങള്‍ ജനാധിപത്യത്തിന്റെ കാവലാളുകളാണ്, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയില്‍ നിന്ന് പുറത്താക്കിയ അഖില്‍ ജയ എഴുതുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

എന്നെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയില്‍ നിന്ന് പുറത്താക്കി. ഇന്നലെയാണ് ഡിസ്മിസല്‍ ഓര്‍ഡര്‍ ജോണ്‍ സാറിന്റെ കയ്യില്‍ നിന്ന് വാങ്ങിയത്. “ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് വിദ്യാര്‍ത്ഥിയെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്താക്കി” എന്ന് തുറന്ന് കാട്ടി എന്നോട് അനുഭാവം പ്രകടിപ്പിക്കുന്നവരോട് ഞാന്‍ തീര്‍ച്ചയായും കടപ്പെട്ടിരിക്കുന്നു. അവരെല്ലാം ജനാധിപത്യത്തിന്റെ കാവലാളുകളാണ്.

എന്നാല്‍ ഞാന്‍ പുറത്താക്കപ്പെട്ടതില്‍ ഒരിക്കലും എനിക്ക് അത്ഭുതമില്ല, മാത്രമല്ല അതത്ര പ്രസക്തമായ നഷ്ടവുമല്ല. ഞാന്‍ ഒരു ശരാശരി നിലവാരമുള്ള വിദ്യാര്‍ത്ഥി മാത്രമാണ്. എനിക്ക് വലിയ അക്കാഡമിക്ക് ലക്ഷ്യങ്ങളുമില്ല. എന്നാല്‍ വിലക്കയറ്റവും തൊഴിളില്ലായ്മയും കൂടി കൊണ്ടേയിരിക്കുന്ന മത്സരാധിഷ്ഠിതമായ ഭാവിയില്‍, ഒരു വലിയ അരക്ഷിതമായ സാമൂഹ്യ വിഭാഗം അനിവാര്യമായി നേരിടേണ്ട പ്രതിസന്ധികളുടെ ഒരു പങ്ക് എനിക്കും അറിയേണ്ടി വന്നേക്കാം. പക്ഷേ ഞാനിപ്പോഴും വളരെ സ്വൗകര്യങ്ങളുള്ളവനും സാധ്യതകളുള്ളവനുമാണ്.

ആ അര്‍ത്ഥത്തില്‍ ഞാന്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയില്‍ ഒരു ഉപഭോക്താവായിരുന്നു. എന്നെ പുറത്താക്കിയതിലും വലിയ കുറ്റകരവും ക്രൂരവും ഹിംസാത്മകവുമായ പ്രവൃത്തികള്‍ യൂണിവേഴ്‌സിറ്റി അധികാരികളുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ഞങ്ങളുടെ ഹോസ്റ്റല്‍ കെയര്‍ ടേക്കറായിരുന്ന സന്ദീപേട്ടനെ പിരിച്ചുവിട്ടത് …

അദ്ദേഹം ഹോസ്റ്റലില്‍ എല്ലാ കാര്യങ്ങളും കൃത്യമായി നടത്തിയിരുന്ന വളരെ ഉത്തരവാദിത്വവും സ്‌നേഹവും സൗഹൃദവുമുണ്ടായിരുന്ന ആളായിരുന്നു. അദ്ദേഹത്തെ അകാരണമായി പിരിച്ചു വിട്ട് അവിടെ രാഷ്ട്രീയ നിയമനം നടത്തി. അദ്ദേഹത്തിന് വേണ്ടി ആരും ചോദിച്ചിട്ടില്ല. സ്വജനപക്ഷപാദപരമായി നടത്തിയ രാഷ്ട്രീയ നിയമനങ്ങള്‍ സംരക്ഷിച്ച് നിര്‍ത്തി യൂ. ജി. സി യുടെ കണ്ണില്‍ പൊടിയിട്ട് ഹോസ്റ്റലിലെ സാധുക്കളായ പ്രകാശേട്ടനും രാജേട്ടനുമടക്കം പതിനഞ്ചുപേരെ പിരിച്ചുവിട്ടത് വിദ്യാര്‍ത്ഥി വിരുദ്ധവും അതിലുപരി മനുഷ്യത്വ രഹിതവും ഭീകരമായ കളവും ചതിയുമായിരുന്നു. യൂണിവേഴ്‌സിറ്റിയില്‍ പ്രവൃത്തിക്കുന്ന സ്റ്റാഫുകളില്‍ നാല്‍പതില്‍പരം ഓഫീസ് സ്റ്റാഫുകളും യൂ. ജി. സി ചട്ടങ്ങളെ അട്ടിമറിച്ച് ഔട്ട് സോഴ്‌സ്ഡായി നിയമിക്കപ്പെട്ടവരാണ്.

ഇവരെല്ലാം ബി ജെ പി – ആര്‍ എസ് എസ് രാഷ്ട്രീയമുള്ള ആളുകളാണ്. ഇത് കൂടാതെ സെക്യൂരിറ്റിയിലും ക്രിമിനല്‍ കേസുകളുള്ള പൊള്ളക്കട സുരേഷിനെ പോലുള്ള ബി ജെ പി പ്രവര്‍ത്തകരുണ്ട്. ഇതെല്ലാം തന്നെ സാമൂഹ്യ ദ്രോഹ നടപടികളും അപനിര്‍മ്മിതി പ്രവര്‍ത്തനങ്ങളുടെ ഭാഗവുമാണ്. എന്റെ ഫേസ്ബുക്ക് പോസ്റ്റിനെപ്പറ്റി അന്വേഷണ ചുമതല ലഭിച്ച ഡോ. മോഹന്‍ ഗുന്തറിനുമുണ്ട് ജീര്‍ണ്ണിച്ച ചരിത്രം. ആദ്യത്തെ തവണ തന്നെ ജെ ആര്‍ എഫ് കിട്ടിയ വിഷ്ണുവിന് മതിയായ അറ്റന്റന്‍സില്ല എന്ന് പറഞ്ഞ് അവന്റെ ഒരു വര്‍ഷവും ജെ ആര്‍ എഫ് ഭാവിയും തുലച്ച് കളഞ്ഞ അംഗീകൃത അധ്യാപക ഈഗോയ്ക്ക് ഉടമയാണ് ഈ മോഹന്‍ ഗുന്തര്‍.

അയാള്‍ അന്ന് വിഷ്ണുവിനോട് പറഞ്ഞതിങ്ങനെയാണ് “” Don”t pride at your JRF… “”. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് യാഥാസ്ഥിതികമായ പലേ സാഹചര്യങ്ങളും സംരക്ഷിച്ചു കൊണ്ടു പോകുന്ന ഒരു ക്രിമിനല്‍ കൂട്ടത്തെയാണ് നാം അഭിമുഖീകരിക്കുന്നത് എന്നുള്ളതാണ്. ശരിയായ സമര രീതികളും സാഹചര്യങ്ങളും ഉണ്ടാവേണ്ടിയിരുന്നു എന്നുള്ള കാര്യത്തില്‍ മേല്‍പ്പറഞ്ഞ യാഥാസ്ഥിതിക സാഹചര്യങ്ങള്‍ രൂപപ്പെടുത്തിയതില്‍ എനിക്കും പങ്കുണ്ട് എന്നേറ്റു പറയാന്‍ ഞാനാഗ്രഹിക്കുന്നു. തെറ്റുകള്‍ ഉണ്ടാവുന്നു അവ തിരുത്തുന്നു. ഇനിയും സ്‌നേഹത്തോടെയും സൗഹൃദത്തോടെയും എനിക്ക് ഒരുപാട് കാലം പോരാടി ജീവിക്കാനുണ്ട്. ഇന്ന് ഇപ്പോള്‍ എന്നെ പുറത്താക്കി പാഠം പഠിപ്പിച്ചു എന്ന് വിചാരിക്കുന്നവരെ അവരര്‍ഹിക്കുന്ന അവജ്ഞയോടു കൂടി പുച്ഛിക്കാനാണിഷ്ടം??. അവരാണ് ചരിത്രത്തിന്റെ യഥാര്‍ത്ഥ ഇരകള്‍. ഞാനല്ല

We use cookies to give you the best possible experience. Learn more