ദിസ്പൂര്‍: തന്റെ പാര്‍ട്ടിയായ റെയ്ജോദാലിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിപ്പിക്കാമോയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചോദിച്ചുവെന്ന് ആക്ടിവിസ്റ്റും സിബ്‌സാഗര്‍ എം.എല്‍.എയുമായ അഖില്‍ ഗൊഗോയ്.
ബി.ജെ.പിയ്‌ക്കെതിരെ മമതയുടെ കീഴില്‍ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്താനുള്ള ശ്രമത്തെ താന്‍ പിന്തുണയ്ക്കുന്നുവെന്നും അഖില്‍ ഗൊഗോയ് പറഞ്ഞു.
പ്രവര്‍ത്തകരുമായി ആലോചിച്ച ശേഷം പാര്‍ട്ടി ലയനം സംബന്ധിച്ച കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും അഖില്‍ ഗൊഗോയ് പറഞ്ഞു. തീരുമാനം അധികം വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃണമൂല്‍ നേതാക്കളുമായി ഇതിനോടകം മൂന്ന് ഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞുവെന്നും ഗൊഗോയ് ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടങ്ങളിലൂടെയാണ് അഖില്‍ ഗൊഗോയ് പ്രശസ്തനാവുന്നത്. സി.എ.എ വിരുദ്ധപ്രക്ഷോഭങ്ങളുടെ ഭാഗമായി ജയില്‍വാസവും അനുഭവിച്ചിരുന്നു.
ജയിലില്‍ നിന്നിറങ്ങിയ ശേഷം മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയ ഗൊഗോയ്, രണ്ട് തവണ കൊല്‍ക്കത്തയിലെത്തി മമത ബാനര്‍ജിയുമായി ചര്‍ച്ചയും നടത്തിയിരുന്നു.
2021 ഏപ്രില്‍-മെയ് മാസത്തില്‍ നടന്ന അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് അഖില്‍ ഗൊഗോയ് വിജയിച്ചത്. അസമിലെ സിബ്‌സാഗര്‍ മണ്ഡലത്തില്‍ നിന്നാണ് അഖില്‍ ഗൊഗോയ് ജയിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങളെ തുടര്‍ന്നായിരുന്നു അഖില്‍ ഗൊഗോയിയെ 2019 ഡിസംബറില്‍ തടവിലാക്കുന്നത്.
ജയിലില്‍ കിടന്നുകൊണ്ടാണ് അദ്ദേഹം സിബ്‌സാഗറില്‍ നിന്നും മത്സരിച്ചത്. സിബ്‌സാഗറില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരഭി രജ്‌കോന്‍വാരിയെയാണ് ഗൊഗോയി പരാജയപ്പെടുത്തിയത്. 12000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് അഖില്‍ ഗൊഗോയ് നേടിയത്.
താനും തന്റെ പാര്‍ട്ടിയായ റെയ്ജോദാലും ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്നോട്ടില്ല. രാജ്യം ഇപ്പോള്‍ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനാല്‍ അടിയന്തരാവസ്ഥ സമയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നപോലെ പ്രവര്‍ത്തിക്കേണ്ട സമയമായെന്നും അഖില്‍ ഗൊഗോയ് പറഞ്ഞിരുന്നു.