| Thursday, 1st July 2021, 8:10 pm

ഒന്നു മിണ്ടിയാല്‍ പോലും ജയിലിലടക്കും; യു.എ.പി.എ. എന്ന കരിനിയമത്തിനെതിരെ ആയിരിക്കും ഇനിയെന്റെ പോരാട്ടം: അഖില്‍ ഗൊഗോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.എ.പി.എയുടെ ദുരുപയോഗത്തിനെതിരെ ആയിരിക്കും ഇനി തന്റെ പ്രഥമ പോരാട്ടമെന്ന് പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട രാജ്യദ്രോഹക്കേസില്‍ കുറ്റവിമുക്തനായ അഖില്‍ ഗൊഗോയി. ജയില്‍ മോചിതനായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ന് ചരിത്രപരമായ ദിവസമാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ നിയമ വ്യവസ്ഥയിലും നയങ്ങളിലുമൊന്നും ജനാധിപത്യമില്ല. എങ്കിലും ഈ വിധി ജുഡീഷ്യറിയെക്കുറിച്ച് ഞങ്ങളില്‍ വിശ്വാസമുണ്ടാക്കുന്നു,’ അഖില്‍ ഗൊഗോയി പറഞ്ഞു.

യു.എ.പി.എയ്‌ക്കെതിരെ പോരാടുകയും തനിക്കൊപ്പം നില്‍ക്കുകയും ചെയ്ത മുഴുവന്‍ അസം ജനതയെയും അദ്ദേഹം അഭിനന്ദിച്ചു.

‘യു.എ.പി.എ. ഒരു കരിനിയമമാണ്. അതിനെ നമ്മള്‍ തള്ളിക്കളയണം. ഞാന്‍ അതിനെതിരെ പോരാടുക തന്നെ ചെയ്യും,’ അഖില്‍ ഗൊഗോയി പറഞ്ഞു.

യു.എ.പി.എയുടെ ദുരുപയോഗത്തിന്റെ ഭാഗമായി ജയിലിലടക്കപ്പെട്ടവര്‍ക്കായി ഒരു പ്രസ്ഥാനം ആരംഭിക്കും. സോഷ്യല്‍ മീഡിയയിലോ, വാര്‍ത്താ മാധ്യമങ്ങളിലോ മറ്റു പൊതുഇടങ്ങളിലോ എന്തെങ്കിലും പറഞ്ഞാല്‍ നിങ്ങളെ അറസ്റ്റു ചെയ്യുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ അസം തെരഞ്ഞെടുപ്പ് വിജയിച്ചത് ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ തെരഞ്ഞെടുപ്പ് വിജയിച്ചത് ചരിത്രപരമായാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഒരു ചില്ലികാശ് പോലും ഞാന്‍ ചെലവാക്കിയിട്ടില്ല. സി.എ.എ. ഞങ്ങള്‍ക്കും അസമിലെ ജനങ്ങള്‍ക്കും ഇപ്പോഴും അംഗീകരിക്കാന്‍ ആവുന്ന ഒന്നല്ല. അസംബ്ലിയില്‍ ജനങ്ങളുടെ ശബ്ദമായി ഞാന്‍ പ്രവര്‍ത്തിക്കും,’ അഖില്‍ ഗൊഗോയി പറഞ്ഞു.

പൗരത്വ പ്രക്ഷോഭങ്ങളില്‍ അസമിലുണ്ടായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയ കേസുകളിലാണ് ഗൊഗോയിയെ പൂര്‍ണമായും കുറ്റവിമുക്തനാക്കിയത്. കഴിഞ്ഞ മാസം 22ന് ഒരു കേസില്‍ ഗൊഗോയിയെ കോടതി വെറുതെ വിട്ടിരുന്നു.

അസമിലെ കര്‍ഷക നേതാവുകൂടിയായ അഖില്‍ ഗൊഗോയിക്കും മറ്റു മൂന്ന് നേതാക്കള്‍ക്കുമെതിരെ യു.എ.പി.എ. പ്രകാരമായിരുന്നു കേസ് എടുത്തത്. രണ്ട് കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇതില്‍ ഒരു കേസില്‍ നാല് പേരെയും കുറ്റവിമുക്തരാക്കിയിരുന്നു.

കുറ്റവിമുക്തനായ ശേഷം അഖില്‍ ഗൊഗോയി ആദ്യം സന്ദര്‍ശിച്ചത് 2019 ഡിസംബറിലെ പൗരത്വ പ്രക്ഷോഭങ്ങള്‍ക്കിടെ, പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട അഞ്ചു യുവാക്കളില്‍ ഒരാളായ 17 കാരന്‍ സാം സ്ട്രാഫോഡിന്റെ വീടാണ്.

അസമില്‍ നിന്നുള്ള കര്‍ഷകനേതാവും വിവരാവകാശ പ്രവര്‍ത്തകനുമാണ് അഖില്‍ ഗൊഗോയി. അഴിമതിയ്ക്കെതിരായ പോരാട്ടങ്ങളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം കൃഷക് മുക്തി സംഗ്രാം സമിതി എന്ന കര്‍ഷക സംഘടനയുടെ നേതാവ് കൂടിയാണ്. ഗുവാഹത്തിയിലെ കോട്ടണ്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഇടതുപക്ഷ ആശയങ്ങളില്‍ ആകൃഷ്ടനായി രാഷ്ട്രീയ രംഗത്തെത്തിയ അഖില്‍ ഗൊഗോയി സി.പി.ഐ.എം.എല്‍ നേതാവായ സന്തോഷ് റാണയോടൊപ്പമായിരുന്നു തുടക്കത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. നതുന്‍ പഠതിക് എന്ന ഇടതുപക്ഷ മാസികയുടെ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

അസം തെരഞ്ഞെടുപ്പില്‍ ജയിലില്‍ നിന്നും മത്സരിച്ച അഖില്‍ ഗൊഗോയി സിബ്‌സാഗര്‍ മണ്ഡലത്തില്‍ നിന്നും ബി.ജെ.പി. സ്ഥാനാര്‍ത്ഥി സുരഭി രജ്‌കോന്‍വാരിയെ 12000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. റായ്ജോര്‍ ദള്‍ പാര്‍ട്ടിയുടെ പ്രസിഡന്റു കൂടിയാണ് അഖില്‍ ഗൊഗോയി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Akhil Gogoi says that he will fight against UAPA law

We use cookies to give you the best possible experience. Learn more