ഗുവാഹത്തി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി സിബ്സാഗര്‍ എം.എല്‍.എ അഖില്‍ ഗൊഗോയ്. അസമില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനമേറ്റെടുക്കാന്‍ മമതാ ബാനര്‍ജി ക്ഷണിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടങ്ങളിലൂടെയാണ് അഖില്‍ ഗൊഗോയ് പ്രശസ്തനാവുന്നത്. സി.എ.എ വിരുദ്ധപ്രക്ഷോഭങ്ങളുടെ ഭാഗമായി ജയില്‍വാസവും അനുഭവിച്ചിരുന്നു. ജയിലില്‍ നിന്നിറങ്ങിയ ശേഷം മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയ ഗൊഗോയ്, രണ്ട് തവണ കൊല്‍ക്കത്തയിലെത്തി മമത ബാനര്‍ജിയുമായി ചര്‍ച്ചയും നടത്തിയിരുന്നു.
അസമില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാരഥ്യമേറ്റെടുക്കുമോ എന്ന് ഇനിയും വ്യക്തമാക്കിയില്ലെങ്കിലും മമതയെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ടന്നും അഖില്‍ ഗൊഗോയ് പറഞ്ഞു. മമതയെ ആര്‍.എസ്.എസിനെതിരായ പോരാട്ടങ്ങളുടെ മുഖമെന്നാണ് അഖില്‍ ഗൊഗോയ് വിശേഷിപ്പിച്ചത്.
2021 ഏപ്രില്‍-മെയ് മാസത്തില്‍ നടന്ന അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് അഖില്‍ ഗൊഗോയി വിജയിച്ചത്. അസമിലെ സിബ്സാഗര്‍ മണ്ഡലത്തില്‍ നിന്നാണ് അഖില്‍ ഗൊഗോയി ജയിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങളെ തുടര്‍ന്നായിരുന്നു അഖില്‍ ഗൊഗോയിയെ 2019 ഡിസംബറില്‍ തടവിലാക്കുന്നത്.