| Sunday, 14th July 2019, 10:51 am

പൊലീസ് ലിസ്റ്റില്‍ ഉണ്ടെന്നും പരാതി കൊടുത്താല്‍ കൊല്ലുമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തി; അഖിലിന്റെ പിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഖിലിനെ അക്രമികള്‍ ഭീഷണിപ്പെടുത്തിയതായി പിതാവിന്റെ വെളിപ്പെടുത്തല്‍. പരാതി കൊടുത്താല്‍ കൊല്ലുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയത്.

പൊലീസ് ലിസ്റ്റില്‍ ഉണ്ടെന്നും പരാതിയുമായി മുന്നോട്ടുപോയാല്‍ കൊലപ്പെടുത്താന്‍ മടിക്കില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

കുത്തിയത് ശിവരജ്ഞിത്താണെന്ന് അഖില്‍ പറഞ്ഞിട്ടുണ്ട്. ആക്രമണത്തിന് കോളേജിന് പുറത്തുനിന്നുള്ളവരേയും എത്തിച്ചിരുന്നു. ആക്രമിക്കാനായി മനപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നെന്നും അഖില്‍ പറഞ്ഞതായി പിതാവ് പറഞ്ഞു.

അഖിലിനെ കുത്തിയ ശിവരജ്ഞിത്ത് സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയുടെ പി.എസ്.സി റാങ്ക് പട്ടികയിലെ ഒന്നാമനാണ്. എസ്.എഫ്.ഐ.യുടെ യൂണിറ്റ് പ്രസിഡന്റുമാണ് ശിവരഞ്ജിത്. കുത്തേറ്റ അഖില്‍ ചാല ഏരിയാ കമ്മിറ്റി അംഗവുമാണ്.

കെ.പി.എ നാലാം ബറ്റാലിയന്‍ റാങ്ക് പട്ടികയിലാണ് ശിവരജ്ഞിത്ത് ഉള്ളത്. രണ്ടാം പ്രതിയും യൂണിറ്റ് സെക്രട്ടറിയുമായ നസീമാണ് പട്ടികയില്‍ 28 ാം റാങ്കുകാരന്‍. സംഭവത്തില്‍ ഇവരടക്കം ഏഴ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 30 ഓളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് അഖിലിന്റെ നെഞ്ചില്‍ കുത്തിയതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ പറയുന്ന കാര്യങ്ങള്‍ അനുസരിച്ചില്ലെന്നാരോപിച്ചായിരുന്നു അക്രമമെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ശിവരജ്ഞിത്തും അഖിലും തമ്മിലുള്ള മുന്‍വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്നും പൊലീസ് പറയുന്നു. ഒമ്പത് സാക്ഷി മൊഴികള്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ വ്യാപിപ്പിക്കുന്നില്ലെന്നും പരാതിയുണ്ട്. കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റസ് സെന്ററിലും ഇതുവരെ പരിശോധന നടത്തിയില്ലെന്നാണ് ആരോപണം.

We use cookies to give you the best possible experience. Learn more