കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് തകര്‍പ്പന്‍ വിജയം. ആലപ്പി റിപ്പിള്‍സിനെ ആറ് വിക്കറ്റുകള്‍ക്കാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കാലിക്കറ്റ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ആലപ്പി 18.5 ഓവറില്‍ 90 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കാലിക്കറ്റ് 11.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ആലപ്പിയെ കാലിക്കറ്റ് താരം അഖില്‍ ദേവ് സി. വി എറിഞ്ഞു വീഴ്ത്തുകയായിരുന്നു. ഹാട്രിക് അടക്കം നാല് വിക്കറ്റുകളാണ് അഖില്‍ നേടിയത്. ടൂര്‍ണമെന്റിന്റെ ആദ്യ ഹാട്രിക്കിനും കൂടിയാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അഖിലിനു പുറമേ അജിത് വി, അഖില്‍ സ്‌കറിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നിഖില്‍ ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.
ആലപ്പിക്ക് വേണ്ടി 49 പന്തില്‍ 32 റണ്‍സ് നേടി ഉജ്വല്‍ കൃഷ്ണ കെ.യുവും 36 പന്തില്‍ 34 റണ്‍സ് നേടി അക്ഷയ് ടി.കെയും മികച്ച പ്രകടനമാണ് നടത്തിയത് ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.
കാലിക്കറ്റിന് വേണ്ടി അരുണ്‍ കെ.എ 23 പന്തില്‍ 34 റണ്‍സ് നേടി വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. മൂന്ന് ഫോറുകളും രണ്ട് സിക്‌സുമാണ് താരം നേടിയത്. രോഹന്‍ കുന്നുമ്മല്‍ 12 പന്തില്‍ 19 റണ്‍സും നിഖില്‍ എം 11 പന്തില്‍ 14 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.
ആലപ്പി ബൗളിങ്ങില്‍ ആനന്ദ് ജോസഫ് രണ്ട് വിക്കറ്റും കിരണ്‍ സാഗര്‍ മോഹന്‍, ഫാസില്‍ ഫനൂസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Akhil Dev Take First Hatric in KCL 2024