2018ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘2018.’ കേരള ജനത നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ. പടത്തിന്റെ തിരക്കഥ എഴുതിയത് അഖിൽ പി. ധർമജനാണ്. കേരള ജനതയുടെ ചെറുത്തുനില്പിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ലാല്‍, നരേന്‍, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്. ചിത്രം ഓസ്കാറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുത്തിട്ടുണ്ട്.
ഓസ്‌കാറിന് വേണ്ടി തെരഞ്ഞെടുത്ത സമയത്ത് തന്റെ അച്ഛന്റെ പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് അഖിൽ. തന്റെ അച്ഛന് ഓസ്കാർ എന്താണെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം കവലയിൽ നിൽക്കുമ്പോൾ ആളുകൾ വന്ന് അഭിനന്ദിച്ചെന്നും അഖിൽ പറയുന്നുണ്ട്. അച്ഛനോട് ഓസ്കാർ എന്താണെന്ന് പറഞ്ഞ് മനസിലാക്കാൻ ഒരു ദിവസം എടുത്തെന്നും അഖിൽ കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന്റെ റൈറ്റേഴ്‌സ് ക്ലബ്ബ്23 എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അഖിൽ.
‘അച്ഛന് ലോട്ടറി വില്പനയാണ് പണി. അച്ഛൻ ലോട്ടറി വിൽക്കാൻ പോയ സമയത്താണ് ഓസ്‌കാറിന് വേണ്ടി ചിത്രം തെരഞ്ഞെടുത്തത്. ഓസ്കാർ എന്താണെന്ന് അച്ഛന് അറിയുകയില്ല. ആ സമയം അച്ഛൻ ജംഗ്ഷനിലാണ് നിൽക്കുന്നത്. എല്ലാവരും വന്നിട്ട് കൺഗ്രാറ്റ്സ് എന്ന് പറഞ്ഞിട്ട് അച്ഛന് കൈകൊടുക്കുകയാണ്. അച്ഛൻ എന്നെ വിളിച്ചിട്ട് ‘എന്താടാ മോനെ ഇത്’ എന്ന് ചോദിച്ചു. അച്ഛാ ഓസ്കാർ ആണെന്ന് പറഞ്ഞപ്പോൾ അതെന്താ സംഭവം എന്ന് ചോദിച്ചു.
ഇന്ത്യയുടെ നോമിനേഷൻ പോയിരിക്കുകയാണ് എന്ന് ഞാൻ മറുപടി പറഞ്ഞു. ‘അതെന്താ പൈസ ഒക്കെ കിട്ടുമോ?’ എന്ന് അച്ഛൻ ചോദിച്ചു. ഇത് ഭയങ്കര സംഭവമാണ് അച്ഛാ എന്ന് പറഞ്ഞു. ഒരു ദിവസം എടുത്തു ഞാൻ അത് പറഞ്ഞുകൊടുക്കാൻ. അങ്ങനെയൊരു വ്യക്തിയാണ് അദ്ദേഹം. ഇപ്പോൾ ഭയങ്കര സപ്പോർട്ട് ആണ്. നമ്മുടെ മാതാപിതാക്കൾ നമ്മളെ ഒന്ന് തിരിച്ചറിഞ്ഞ്, ആൾക്കാർ അവരോട് പറയുമ്പോഴുള്ള അവരുടെ ഒരു സന്തോഷം കാണുമ്പോഴാണ് നമുക്കും തൃപ്തി കിട്ടുന്നത്. പണ്ട് അച്ഛൻ കഥ എഴുതാൻ സമ്മതിക്കില്ലായിരുന്നു,’ അഖിൽ പറഞ്ഞു.
Content Highlight: Akhil darmajan about 2018 movie’s oscar nomination