| Tuesday, 21st September 2021, 8:57 am

ആത്മാഭിമാനം നഷ്ടപ്പെടുത്തി ജീവിക്കാന്‍ സാധിക്കില്ല; അഖാഡെ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്രഗിരി മഹാരാജ് തൂങ്ങി മരിച്ച നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഹൈന്ദവ സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡെ പരിഷത്ത് അധ്യക്ഷന്‍ സന്യാസി മഹന്ത് നരേന്ദ്രഗിരി മഹാരാജിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ മഠത്തിലാണ് മഹാരാജിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 78 വയസ്സായിരുന്നു. 78 പേജുള്ള ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരടക്കമുള്ളവരുടെ പേരുകള്‍ ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് പൊലിസ് പറയുന്നു.പല കാരണങ്ങളാല്‍ താന്‍ അസ്വസ്ഥനായിരുന്നെന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും നരേന്ദ്രഗിരി ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്.

താന്‍ അഭിമാനത്തോടെയാണ് ഇതുവരെ ജീവിച്ചതെന്നും ഇനിയങ്ങോട്ട് ആത്മാഭിമാനം നഷ്ടപ്പെടുത്തി ജീവിക്കാന്‍ സാധിക്കില്ലെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.

തന്റെ മരണ ശേഷം ആശ്രമം എന്തു ചെയ്യണം എന്നതിനെക്കുറിച്ചും ആത്മഹത്യാക്കുറിപ്പില്‍ വിശദമായി എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

അതേസമയം, ‘ഗുരുജിക്ക് ആത്മഹത്യ ചെയ്യാനാവില്ലെന്നും പല കാരണങ്ങളാല്‍ അദ്ദേഹം പീഡിപ്പിക്കപ്പെട്ടെന്നും ഇത് തനിക്കെതിരായ വലിയ തോതിലുള്ള ഗൂഢാലോചനയാണെന്നും’ നരേന്ദ്ര മഹാരാജ് ഗിരിയുടെ ശിഷ്യനായ ആനന്ദ് ഗിരി പറയുന്നു. മരണത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണം വേണമെന്നും ആനന്ദ് ആവശ്യപ്പെട്ടു.

മഹന്ത് നരേന്ദ്ര ഗിരി മഹാരാജിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്, സമാജ്‌വാദി പാര്‍ട്ടി അംഗം രാം ഗോപാല്‍ യാദവ് തുടങ്ങിയവര്‍ അനുശോചിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Akhara Parishad chief Narendra Giri found dead

We use cookies to give you the best possible experience. Learn more