ലഖ്‌നൗ: ഹൈന്ദവ സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡെ പരിഷത്ത് അധ്യക്ഷന്‍ സന്യാസി മഹന്ത് നരേന്ദ്രഗിരി മഹാരാജിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ മഠത്തിലാണ് മഹാരാജിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 78 വയസ്സായിരുന്നു. 78 പേജുള്ള ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ ശിഷ്യന്‍മാരടക്കമുള്ളവരുടെ പേരുകള്‍ ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് പൊലിസ് പറയുന്നു.പല കാരണങ്ങളാല്‍ താന്‍ അസ്വസ്ഥനായിരുന്നെന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും നരേന്ദ്രഗിരി ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്.
തന്റെ മരണ ശേഷം ആശ്രമം എന്തു ചെയ്യണം എന്നതിനെക്കുറിച്ചും ആത്മഹത്യാക്കുറിപ്പില്‍ വിശദമായി എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
അതേസമയം, ‘ഗുരുജിക്ക് ആത്മഹത്യ ചെയ്യാനാവില്ലെന്നും പല കാരണങ്ങളാല്‍ അദ്ദേഹം പീഡിപ്പിക്കപ്പെട്ടെന്നും ഇത് തനിക്കെതിരായ വലിയ തോതിലുള്ള ഗൂഢാലോചനയാണെന്നും’ നരേന്ദ്ര മഹാരാജ് ഗിരിയുടെ ശിഷ്യനായ ആനന്ദ് ഗിരി പറയുന്നു. മരണത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണം വേണമെന്നും ആനന്ദ് ആവശ്യപ്പെട്ടു.