| Monday, 17th May 2021, 8:32 pm

കേക്ക് മുറിക്കല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രോട്ടോകോളിന്റെ ലംഘനം; പരാതി നല്‍കി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ.കെ.ജി സെന്ററില്‍ തിങ്കളാഴ്ച നടന്ന കേക്ക് മുറിക്കല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രോട്ടോകോളിന്റെ ലംഘനമെന്ന് പരാതി. തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡണ്ട് എം. മുനീറാണ് ഡി.ജി.പിക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്.

എ.കെ.ജി സെന്ററില്‍ ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തില്‍ ഘടകകക്ഷി നേതാക്കള്‍ കേക്ക് മുറിച്ച് ആഘോഷം നടത്തിയിരുന്നു. എന്നാല്‍ ഇത് ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ട്രിപ്പിള്‍ ലോക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്നാണ് ആക്ഷേപം.

നേതാക്കളുടെ കൂട്ടം കൂടല്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ മറ്റ് തുടങ്ങി എല്ലാ ഘടകകക്ഷി നേതാക്കളും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

കൊവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരമടക്കം മൂന്ന് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണാണ്.

അതേസമയം രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20 ന് നടത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കും.

50000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയമാണെന്നും കൊവിഡ് സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 40000 പേര്‍ കഴിഞ്ഞ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

140 എം.എല്‍.എമാരും ചടങ്ങില്‍ പങ്കെടുക്കും. പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം നിജപ്പെടുത്തും.

48 മണിക്കൂര്‍ മുന്‍പെടുത്ത കൊവിഡ് പരിശോധനാഫലം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യായാധിപര്‍, ചീഫ് സെക്രട്ടറി, സെക്രട്ടറിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പടെയാണ് 500 പേരെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: AKG Centre Cake Cutting Triple Lockdown Violation Congress

Latest Stories

We use cookies to give you the best possible experience. Learn more