തിരുവനന്തപുരം: സി.പി.ഐ.എം ആസ്ഥാനമായ എ.കെ.ജി സെന്റര്‍ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. സംഭവം നടന്ന് 23 ദിവസം പിന്നിട്ടിട്ടും പൊലീസ് പ്രതിയെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ശനിയാഴ്ച ഡി.ജി.പി പുറത്തിറക്കി.
സംഭവം നടന്ന് ആഴ്ച്ചകള്‍ പിന്നിട്ടിട്ടും പ്രതിയെ പിടിക്കാനായില്ല എന്നത് പൊലീസിനെയും സി.പി.ഐ.എം നേതൃത്വത്തെയും വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.
ജൂണ്‍ 30 രാത്രി 11.24നാണ് എ.കെ.ജി സെന്ററിന്റെ രണ്ടാമത്തെ കവാടത്തിലേക്ക് അക്രമി സ്‌ഫോടക വസ്തു എറിഞ്ഞത്. ബൈക്കില്‍ ഒറ്റക്ക് വന്ന ഇയാള്‍ വേഗത്തില്‍ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് സി.പി.ഐ.എം ആരോപിച്ചത്.
അതേസമയം, സ്‌ഫോടക വസ്തു എറിഞ്ഞ ആളെ കണ്ടെന്ന് സാക്ഷി മൊഴി പൊലീസിന് ലഭിച്ചിരുന്നു. ചെങ്കല്‍ചൂള സ്വദേശിയാണ് പൊലീസിന് മൊഴി നല്‍കിയത്.
ഇയാളെ പൊലീസ് നേരത്തെ അന്വേഷണവിധേയമായി ചോദ്യം ചെയ്തിരുന്നു. ആ ഘട്ടത്തില്‍ ആരെയും കണ്ടില്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. എ.കെ.ജി സെന്ററിന് സമീപത്തുള്ള തട്ടുകടയിലെ ജീവനക്കാരനാണിയാള്‍.
ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തിനാണ് ഇയാള്‍ അനുകൂല മൊഴി നല്‍കിയിരിക്കുന്നത്. മുമ്പ് വീട്ടുകാരുടെ നിര്‍ബന്ധത്താലാണ് താന്‍ പടക്കം എറിഞ്ഞായാളെ കണ്ടില്ലെന്ന് പറഞ്ഞതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
Content Highlights: AKG Center attack case, has been handed over to the Crime Branch