| Friday, 12th August 2016, 5:26 pm

ആകാശവാണിയുടെ കോഴിക്കോട് വാര്‍ത്താവിഭാഗം മാറ്റാനുള്ള തീരുമാനം നിര്‍ത്തലാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആകാശവാണിയുടെ കോഴിക്കോട് വാര്‍ത്താവിഭാഗം തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള തീരുമാനം അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

വാര്‍ത്താവിഭാഗം കോഴിക്കോട് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മലബാറില്‍ നിന്നുള്ള എം.പിമാര്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

വാര്‍ത്താവിഭാഗം മാറ്റുന്നതിന്റെ ഭാഗമായി കോഴിക്കോട് നിന്ന് സ്ഥലം മാറ്റിയ ജീവനക്കാരോട് കോഴിക്കോട് തന്നെ തുടരാന്‍ അധികൃതകര്‍ നിര്‍ദ്ദേശം നല്‍കി.

അര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള വാര്‍ത്താവായനക്ക് അവസാനമൊരുക്കാനുള്ള നീക്കത്തില്‍ നിന്നാണ് അധികൃതര്‍ പിന്നോട്ടുപോയിരിക്കുന്നത്. സാമ്പത്തികനിയന്ത്രണത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് കോഴിക്കോട് വാര്‍ത്താ വിഭാഗം നിര്‍ത്തലാക്കുനുള്ള തീരുമാനമുണ്ടായത്.

ഇതിന്റെ ആദ്യപടിയായി  ജീവനക്കാരെ സ്ഥലംമാറ്റല്‍ പ്രക്രിയ ആരംഭിച്ചിരുന്നു. കോഴിക്കോട്ടെ വാര്‍ത്താലേഖകനെ ചെന്നൈ ദൂരദര്‍ശനിലേക്ക് സ്ഥലംമാറ്റി  ഉത്തരവിറങ്ങിയിരുന്നു. ആകാശവാണിയുടെ വാര്‍ത്താ യൂണിറ്റുകള്‍ തലസ്ഥാന കേന്ദ്രങ്ങളില്‍ മാത്രം മതിയെന്ന കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ തീരുമാന പ്രകാരമായിരുന്നു നടപടി.

രാവിലെ 6.45നും ഉച്ചക്ക് 12.30നും കോഴിക്കോട് നിലയത്തില്‍നിന്ന് പ്രക്ഷേപണം ചെയ്തിരുന്ന പ്രാദേശിക വാര്‍ത്തകളായിരുന്നു നിര്‍ത്തലാക്കാനൊരുങ്ങിയിരുന്നത്. പിന്നാക്കം നില്‍ക്കുന്ന കോഴിക്കോട്, മലപ്പുറം, വയനാട്, കാസര്‍കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകള്‍ക്കുവേണ്ടി 1966ലാണ് കോഴിക്കോട് ആകാശവാണിയില്‍ വാര്‍ത്താ പ്രക്ഷേപണം തുടങ്ങിയത്.

2016ല്‍ ആകാശവാണി ഇതിന്റെ സുവര്‍ണ ജൂബിലി വര്‍ഷമായി ആചരിച്ചുവരുകയായിരുന്നു. ഏപ്രിലില്‍ വിപുലമായ സമാപന ആഘോഷപരിപാടികള്‍ക്ക് നിലയം പ്രവര്‍ത്തകര്‍ ആലോചിച്ചുവരുന്നതിനിടെയായിരുന്നു പുതിയ തീരുമാനം വന്നത്.

രാമചന്ദ്രന്‍, രത്‌നാഭായി തുടങ്ങിയവര്‍ കോഴിക്കോടിന്റെ ശബ്ദമായ വാര്‍ത്താ അവതാരകരാണ്. ഹകീം കൂട്ടായി, അനില്‍ചന്ദ്രന്‍ എന്നിവരാണ് ഇപ്പോള്‍ പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത്.

We use cookies to give you the best possible experience. Learn more