| Friday, 1st November 2019, 9:58 pm

Movie Review; ആകാശഗംഗ; വേണ്ടിയിരുന്നില്ല ഇരുപത് വര്‍ഷത്തിന് ശേഷം ഈ രണ്ടാം ഭാഗം

അശ്വിന്‍ രാജ്

മലയാളികളുടെ നൊസ്റ്റാള്‍ജിയ സിനിമകളില്‍ മുന്‍ പന്തിയില്‍ നിക്കുന്ന ഒന്നാണ് ആകാശഗംഗ. ഇരുപത് വര്‍ഷം മുമ്പ് വിനയന്‍ സംവിധാനം ചെയത ചിത്രത്തിന് രണ്ടാം ഭാഗമായി ഒരുക്കിയ ആകാശഗംഗ 2 ആദ്യ ഭാഗവുമായി വിലയിരുത്തുമ്പോള്‍ ഒട്ടും നിലവാരം ഇല്ലാത്ത ചിത്രമെന്ന് പറയേണ്ടി വരും. സംവിധായകന്‍ തന്നെയാണ് തിരക്കഥയും നിര്‍മ്മാണവും.

മാണിക്യശ്ശേരി തറവാട്ടില്‍ കൊല്ലപ്പെടുന്ന ജോലിക്കാരി ഗംഗ എന്ന പെണ്‍കുട്ടി യക്ഷിയായി മാറുന്നതും തുടര്‍ന്ന് മായ എന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബാധയേല്‍ക്കുന്നതും പിന്നീട് ആത്മാവിന് മോക്ഷം നല്‍കി ഒഴിപ്പിക്കുന്നതുമാണ് ആകാശഗംഗയുടെ ആദ്യ ഭാഗത്തില്‍ എങ്കില്‍ രണ്ടാം ഭാഗത്തില്‍ ഗര്‍ഭിണിയായി ഇരിക്കെ മരണപ്പെട്ട മായയുടെയും മകള്‍ ആരതി വര്‍മ്മയുടെയും കഥയാണ് പറയുന്നത്. കൂടെ പ്രതികാര ദാഹിണിയായ ഗംഗയെന്ന ചുടലയക്ഷിയുടെയും.

ഇരുപത് വര്‍ഷത്തിന് ശേഷമുള്ള കഥ തന്നെയാണ് ആകാശഗംഗയുടെ രണ്ടാം ഭാഗത്തിലും പറയുന്നത്. യുക്തിവാദിയും കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണുമാണ് ആരതി.

ആദ്യഭാഗത്തിലെ കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും രണ്ടാം ഭാഗത്തില്‍ മരണപ്പെട്ടു. ദുര്‍മരണത്തിന് പ്രധാനകാരണം മാണിക്കശ്ശേരി വിട്ടു പോയി എന്ന് കരുതിയ ചുടലയക്ഷിയായിരുന്നു. തുടര്‍ന്ന് മേപ്പാടന്‍ യക്ഷിയെ തളച്ച് തറവാടിലെ ക്ഷേത്രത്തില്‍ കുടിയിരിത്തിയിരുന്നു. കാലങ്ങള്‍ക്കിപ്പുറം മാണിക്കശ്ശരിയില്‍ ഉണ്ണി വര്‍മ്മയും മകള്‍ ആരതിയും ഓപ്പോളും ഏതാനും പണിക്കാരും മാത്രമാണുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആരതിക്ക് കൂട്ടുകാരനും ബന്ധുവുമായ ഗോപീകൃഷണനുമായി പ്രണയമുണ്ട്. ഒരു ഘട്ടത്തില്‍ ഗംഗയെന്ന ചുടലയക്ഷി വീണ്ടും മാണിക്കശ്ശേരി കുടുംബത്തിലേക്ക് തിരികെ വരുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പുതിയ ധാരാളം കഥാപാത്രങ്ങള്‍ ചിത്രത്തില്‍ ഉണ്ട്. മേപ്പാടന്റെ മകള്‍ ഡോ.സൗമിനിയായി എത്തുന്ന രമ്യകൃഷ്ണന്‍ , മേപ്പാടന്റെ ശിക്ഷ്യനായി എത്തുന്ന ഹരീഷ് പേരടി തുടങ്ങി നിരവധി കഥാപാത്രങ്ങള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോമഡിക്കായി സെന്തില്‍, ധര്‍മ്മജന്‍ , തെസ്‌നി ഖാന്‍, ഹരീഷ് കണാരന്‍, സലിം കുമാര്‍ എന്നിവരും ചിത്രത്തില്‍ ഉണ്ട്. എന്നാല്‍ ആറി തണുത്ത പഴയ കോമഡി നമ്പറുകളും സംഭാഷണങ്ങളുമാണ് ചിത്രത്തില്‍ ഉള്ളത്. ചായ കുടിക്കാന്‍ ചായക്കട വാങ്ങുന്ന ‘ഫ്രഷ്’ തമശയൊക്കെയാണ് ഉദാഹരണം.

പലയിടത്തും പേത്രം തന്നെ ഒരു കോമഡി കഥാപാത്രമായി മറുന്നുണ്ട് എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല. ഒരു ഹൊറര്‍ ത്രില്ലര്‍ ആയത് കൊണ്ട് തന്നെ പല ഭാഗങ്ങളും വിശദീകരിക്കാന്‍ കഴിയില്ല.

ഒരേസമയം ഗ്രാഫിക്‌സിന്റെ മേന്മയും അതേസമയം പോരായ്മയും ചിത്രത്തില്‍ കാണാന്‍ കഴിയും എന്നതാണ് തമാശ. ചിത്രത്തിലെ പഴയ കഥാപാത്രങ്ങളായ മായയും ഗംഗയും ഇടയ്ക്ക് ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. എന്നാല്‍ പ്രേതത്തിന്റെ യഥാര്‍ത്ഥ രൂപം വരുന്ന ഗ്രാഫിക്‌സ് രംഗങ്ങള്‍ എല്ലാം വളരെ നിരാശയുണ്ടാക്കുന്നതാണ്.

അതേസമയം പഴയ ആകാശഗംഗയിലെ മയൂരിയും ദിവ്യാ ഉണ്ണിയെയും പുതിയ ആകാശഗംഗയില്‍ ചിലയിടത്ത് അവതരിപ്പിക്കുന്നുണ്ട്. തെറ്റില്ലാത്ത രീതിയില്‍ ഈ ഗ്രാഫിക്‌സ് രംഗങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അനാവശ്യമായ പലസീനുകളും സിനിമയില്‍ ധാരാളമുണ്ട്. ആരതി വര്‍മ്മ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച വീണ നായര്‍ വലിയ തെറ്റില്ലാതെ തന്റെ വേഷം ചെയ്തിട്ടുണ്ട്.

സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയ് ആണ് നായക കഥാപാത്രമായ ഗോപീകൃഷ്ണനെ അവതരിപ്പിക്കുന്നത്.

പഴയ വെള്ളസാരി ഉടുത്ത പ്രേതത്തെ ചില സയന്റിഫിക് വാക്കുകള്‍ ഉപയോഗിച്ച് ശാസ്ത്രീയമായി ശരിയാണെന്ന് തെളിയിക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്. ഗ്രാഫിക്‌സ് ചെയ്ത് എടുത്ത രൂപത്തിന് പോലും ശാസ്ത്രീയത സംവിധായകന്‍ കാണിച്ചു തരുന്നു.

വിനയന്റെ മുന്‍ പ്രേത സിനിമയായ യക്ഷിയും ഞാനും, ഡ്രാക്കുള തുടങ്ങിയവയില്‍ നിന്ന് ഏറെ മെച്ചമൊന്നും ഈ സിനിമയ്ക്ക് പറയാന്‍ ഇല്ല. പുതുമഴയായി വന്നു ഞാന്‍ എന്ന ഗാനം ചിത്രത്തില്‍ പല ഭാഗങ്ങളിലും വരുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രകാശ് കുട്ടിയാണ് ചിത്രത്തിന്റെ ക്യാമറ, അഭിലാഷ് വിശ്വനാഥ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ബിജിബാലും ബേണി ഇഗ്നേഷ്യസുമാണ് സംഗീതം. ബിജിബാലിന്റെ പശ്ചാത്തല സംഗീതത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു.

പറയത്തക്ക പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത, ആദ്യ ഭാഗത്തിന്റെ നിലവാരത്തിനോട് ഒരുതരത്തിലും നീതി പുലര്‍ത്താത്ത ഒരു രണ്ടാം ഭാഗമാണ് ആകാശഗംഗ 2

ചിത്രം കഴിഞ്ഞ് ഇറങ്ങി വന്നപ്പോള്‍ മനസില്‍ തോന്നിയത് ഇരുപത് വര്‍ഷത്തിന് ശേഷം എന്തിനായിരുന്നു ഈ രണ്ടാം ഭാഗം എന്നാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more