കണ്ണൂര്‍: ഡി.വൈ.എഫ്.ഐയ്ക്ക് മുന്നറിയിപ്പുമായി ആകാശ് തില്ലങ്കേരി. രക്തസാക്ഷികളെ ഒറ്റുകൊടുത്തവനാണ് എന്ന ആരോപണം ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി തെളിയിക്കണമെന്ന് ആകാശ് ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിലെ തന്റെ കവര്‍ ഫോട്ടോയിലെ കമന്റിന് മറുപടിയായാണ് ആകാശ് തില്ലങ്കേരിയുടെ പ്രതികരണം.
‘എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവരെ ഞാന്‍ വെല്ലുവിളിക്കുന്നു. ഞാനത് ചെയ്തെന്ന് നിങ്ങള്‍ തെളിയിക്കുമെങ്കില്‍ ഞാന്‍ തെരുവില്‍ വന്ന് നില്‍ക്കാം, നിങ്ങളെന്നെ കല്ലെറിഞ്ഞു കൊന്നോളൂ. ഇതുപോലുള്ള നുണപ്രചാരണങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടും അവര്‍ തിരുത്താന്‍ തയ്യാറല്ലെങ്കില്‍ എനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരും,’ ആകാശ് തില്ലങ്കേരി പറഞ്ഞു.
ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ആകാശ് പറഞ്ഞു.
സ്വര്‍ണക്കടത്തില്‍ ആരോപണവിധേയരായ അര്‍ജ്ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയവരെ കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ഷാജര്‍ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു.
ഒരുകാരണവശാലും ഇത്തരക്കാരുമായി ബന്ധപ്പെടുകയോ ഇത്തരക്കാരുടെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുകയോ ചെയ്യരുതെന്ന് ഷാജര്‍ പറഞ്ഞിരുന്നു. ഇവരെ ഒറ്റപ്പെടുത്തണമെന്നു പറഞ്ഞ അദ്ദേഹം സാമൂഹികമാധ്യമങ്ങളിലെ ഇത്തരക്കാരുടെ ഫാന്‍സ് ക്ലബ്ബുകള്‍ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊലക്കേസിലെ പ്രതി കൂടിയാണ് ആകാശ്.