| Tuesday, 29th June 2021, 11:57 am

ആകാശ് തില്ലങ്കേരിയെയും അര്‍ജുന്‍ ആയങ്കിയേയും കഴിയുന്നത്രയും കാലം ജയിലില്‍ അടക്കണം; ഷാഫി വീണ്ടും കുറ്റം ചെയ്യുമെന്ന് കരുതിയില്ലെന്നും എ.എന്‍. ഷംസീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തലശ്ശേരി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും കഴിയുന്നത്രയും കാലം ജയിലില്‍ അടയ്ക്കണമെന്ന് തലശ്ശേരി എം.എല്‍.എ. എ.എന്‍. ഷംസീര്‍.

എഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഷംസീറിന്റെ പ്രതികരണം. ആയങ്കിയെയും തില്ലങ്കരിയെയും താന്‍ ഇതുവരെ കണ്ടിട്ടില്ല. ഇവരെ പരിചയമില്ല. ഇവരെ അറിയുന്നത് മാധ്യമങ്ങളിലൂടെ മാത്രമാണെന്നും ഷംസീര്‍ പറഞ്ഞു.

അവര്‍ക്ക് അമിത പ്രാധാന്യം കൊടുക്കരുത്. ഇവര്‍ മല്ലന്മാര്‍ ഒന്നുമല്ല, ഭീരുക്കളാണ്. അര്‍ജുനെയും ആകാശിനെയും കഴിയുന്ന അത്രയും കാലം ജയിലില്‍ അടക്കണം. ഡി.വൈ.എഫ്.ഐ. നേതാവ് ആയിരുന്ന കാലത്ത് താന്‍ ഇവരെയൊന്നും കണ്ടിട്ടില്ലെന്നും ഷംസീര്‍ പറഞ്ഞു.

ഷാഫി ഇനിയും കുറ്റം ചെയ്യുമെന്ന് കരുതിയില്ലെന്നും അതുകൊണ്ടാണ് കല്ല്യാണ്യത്തിന് പോയതെന്നും ഷംസീര്‍ പറഞ്ഞു. നേരത്തെ കടത്ത് സ്വര്‍ണ്ണം പിടിച്ചുപറിക്കുന്നതില്‍ ടി.പി. കേസ് പ്രതികളുമുണ്ടെന്ന തരത്തില്‍ ശബ്ദരേഖ പുറത്തുവന്നിരുന്നു.

സംഘത്തിന് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയും ഷാഫിയുമാണെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ടി.പി. കേസില്‍ പരോളില്‍ ഇറങ്ങിയ ഷാഫി ക്യാരിയര്‍ക്ക് സംരക്ഷണം ഒരുക്കുമെന്നും പിടിച്ചു പറിച്ച സ്വര്‍ണ്ണത്തിന്റെ ഉടമ പിന്നീട് പ്രശ്‌നമുണ്ടാക്കിയാല്‍ കൊടി സുനി ഫോണ്‍ ചെയ്യുമെന്നുമായിരുന്നു ശബ്ദസന്ദേശത്തില്‍ ഉണ്ടായിരുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ഹാജരായത് തെളിവുകള്‍ നശിപ്പിച്ചാണെന്നാണ് സൂചന. തന്റെ ഫോണ്‍ വെള്ളത്തില്‍ കളഞ്ഞുപോയെന്ന് അര്‍ജുന്‍ മൊഴി നല്‍കി.

തിങ്കളാഴ്ചയാണ് അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ഹാജരായത്. കൊച്ചി കസ്റ്റംസ് പ്രിവന്റിവ് വിഭാഗത്തിന് മുന്നിലാണ് അര്‍ജുന്‍ ഹാജരായത്.തന്റെ അഭിഭാഷകര്‍ക്കൊപ്പമായിരുന്നു അര്‍ജുന്‍ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അര്‍ജുന് കഴിഞ്ഞ ദിവസം കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു.

രണ്ടര കിലോയോളം സ്വര്‍ണ്ണം കടത്തിയതിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായ ഷഫീഖിന്റെ മൊഴി പ്രകാരം അര്‍ജുന്‍ ആണ് സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍. മുഹമ്മദ് ഷഫീഖ് കാരിയര്‍ മാത്രമായിരുന്നു എന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അര്‍ജുന്റെ നേതൃത്വത്തിലുള്ള സംഘത്തിന് രാമനാട്ടുകര വെച്ചുണ്ടായ വാഹനാപകടവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. അപകടത്തില്‍പ്പെട്ട ചെര്‍പ്പുളശ്ശേരി സംഘം അര്‍ജുന്‍ സഞ്ചരിച്ച കാറിനെയാണ് പിന്തുടര്‍ന്നിരുന്നത്. ഇതിനിടെയാണ് അപകടമുണ്ടായത്. സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടിയിലായ ഷഫീഖുമായി അര്‍ജുന് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് സൂചന നല്‍കുന്നു.

എയര്‍പോര്‍ട്ടില്‍ വെച്ച് പിടിയിലായത് അറിഞ്ഞ അര്‍ജുനും സംഘവും കണ്ണൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവരുടെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന് കരുതി ചെര്‍പ്പുളശ്ശേരി സംഘം ഇവരെ പിന്തുടര്‍ന്നത്. ഇതേത്തുടര്‍ന്നാണ് അപകടമുണ്ടായത്. അപകടം നടന്ന ദിവസം മുതല്‍ അര്‍ജുന്‍ ഒളിവിലായിരുന്നു.

അര്‍ജുന്‍ ആയങ്കിയാണ് സ്വര്‍ണക്കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്തില്‍ സ്വര്‍ണം കടത്തിയ ആള്‍ നിരന്തരം അര്‍ജുന്‍ ആയങ്കിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആളുടെ അറിവോടെയാണ് അര്‍ജുന്‍ ആയങ്കി കവര്‍ച്ച ചെയ്യാന്‍ ശ്രമം നടത്തിയതെന്നും കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു.

ചുവന്ന സ്വിഫ്റ്റ് കാറില്‍ ആയങ്കി സംഭവ സ്ഥലത്ത് എത്തിയ സി.സി.ടിവി. ദൃശ്യങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കപ്പക്കടവിലെ വീട്ടില്‍ കസ്റ്റംസ് എത്തിയത്. എന്നാല്‍ റെയ്ഡിനെത്തിയ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല.

നേരത്തെ സ്വര്‍ണക്കടത്തിന് അര്‍ജുന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഡി.വൈ.എഫ്.ഐ. നേതാവ് സി. സജേഷിന്റെതാണ് കാറെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെ സി. സജേഷിനെ ഡി.വൈ.എഫ്.ഐ. പുറത്താക്കി.സംഘടനയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചതിനാലാണ് നടപടിയെന്നും സജേഷ് സാമൂഹിക വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയെന്നും ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എം. ഷാജര്‍ അറിയിച്ചിരുന്നു.

അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയായ അര്‍ജുന്‍ മൂന്നു വര്‍ഷം മുമ്പ് ഡി.വൈ.എഫ്.ഐ.യുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. എന്നാല്‍, തന്റെ അനുവാദം ഇല്ലാതെയാണ് അര്‍ജുന്‍ കാര്‍ കൊണ്ടുപോയത് എന്നുകാട്ടി ആര്‍.സി. ഉടമയായ സജേഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോയ്യോട് സര്‍വീസ് സഹകരണ ബാങ്കില്‍ അപ്രൈസറായ സജേഷ് ഡി.വൈ.എഫ്.ഐ. അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയിലും സി.പി.ഐ.എം. മൊയാരം ബ്രാഞ്ചിലും അംഗമാണ്.

സി.പി.ഐ.എമ്മുമായി അര്‍ജുന്‍ ആയങ്കിയ്ക്ക് ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഇവരെ തള്ളി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയെ മറയാക്കി ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്നും രാഷ്ട്രീയ പ്രചാരവേല നടത്താന്‍ ഒരു ക്വട്ടേഷന്‍ സംഘത്തെയും ഏല്‍പ്പിച്ചിട്ടില്ലെന്നാണ് എം.വി. ജയരാജന്‍ പറഞ്ഞത്.

ഇതിനിടെ ഡി.വൈ.എഫ്.ഐക്ക് മുന്നറിയിപ്പുമായി ആകാശ് തില്ലങ്കേരി രംഗത്ത് എത്തിയിരുന്നു. രക്തസാക്ഷികളെ ഒറ്റുകൊടുത്തവനാണ് എന്ന ആരോപണം ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി തെളിയിക്കണമെന്ന് ആകാശ് ആവശ്യപ്പെട്ടിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിലെ തന്റെ കവര്‍ ഫോട്ടോയിലെ കമന്റിന് മറുപടിയായാണ് ആകാശ് തില്ലങ്കേരിയുടെ പ്രതികരണം. ‘എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവരെ ഞാന്‍ വെല്ലുവിളിക്കുന്നു. ഞാനത് ചെയ്‌തെന്ന് നിങ്ങള്‍ തെളിയിക്കുമെങ്കില്‍ ഞാന്‍ തെരുവില്‍ വന്ന് നില്‍ക്കാം, നിങ്ങളെന്നെ കല്ലെറിഞ്ഞു കൊന്നോളൂ. ഇതുപോലുള്ള നുണപ്രചാരണങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടും അവര്‍ തിരുത്താന്‍ തയ്യാറല്ലെങ്കില്‍ എനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരും,’ ആകാശ് തില്ലങ്കേരി പറഞ്ഞു.

ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാര്‍ട്ടിയെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ആകാശ് പറഞ്ഞു. സ്വര്‍ണക്കടത്തില്‍ ആരോപണവിധേയരായ അര്‍ജ്ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയവരെ കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ഷാജര്‍ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Akash Thillankeri and Arjun Ayanki should be jailed for as long as possible; A. N. Shamseer

We use cookies to give you the best possible experience. Learn more