| Sunday, 25th February 2018, 10:34 am

ശുഹൈബ് കുടുംബസഹായ ഫണ്ടിലേക്ക് ആകാശ് തില്ലങ്കേരിയുടെ പിതാവിന്റെ വക 100 രൂപ സംഭവാന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇരിട്ടി: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശുഹൈബ് കുടുംബസഹായ ഫണ്ടിലേക്ക് ശുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ പിതാവും സംഭാവന നല്‍കി. തില്ലങ്കേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തില്ലങ്കേരി ടൗണില്‍ നടന്ന ബക്കറ്റ് പിരിവിലാണ് ആകാശിന്റെ പിതാവ് വഞ്ചേരി രവീന്ദ്രന്‍ സംഭാവന നല്‍കിയതെന്ന് മാതൃഭൂമി.കോമാണ് റിപ്പോര്‍ട്ട് ചെയ്തത്.

തില്ലങ്കേരി ടൗണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബക്കറ്റ് പരിവിലൂടെ സംഭാവന സ്വീകരിക്കുന്നതിനിടെ ടൗണിലെ ഹോട്ടലിനുമുന്നില്‍ നില്‍ക്കുകയായിരുന്നു ആകാശിന്റെ അച്ഛന്‍ പ്രവര്‍ത്തകര്‍ മുന്നിലെത്തിയതോടെ 100 രൂപയെടുത്ത് “ഇത് എന്റെവക” എന്നുപറഞ്ഞ് ബക്കറ്റിലേക്ക് ഇടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ കേസില്‍ അറസ്റ്റിലായ ആകാശ് കൊലയാളി സംഘത്തിലുണ്ടായിരുന്നെന്ന കഴിഞ്ഞദിവസം നടന്ന തിരിച്ചറിയല്‍ പരേഡില്‍ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു. ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച വാഹനവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിനുവേണ്ടി വാഹനം സംഘടിപ്പിച്ചത് ആകാശ് ആണെന്നതിന് തെളിവുകള്‍ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ശനിയാഴ്ച രാവിലെയാണ് പൊലീസിന് വാഹനം കണ്ടെത്താന്‍ കഴിഞ്ഞത്. പാപ്പിനിശ്ശേരി സ്വദേശി പ്രശോഭിന്റെ ഉടമസ്ഥതയിലുള്ള വാഗണ്‍ ആര്‍ കാറാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ശുഹൈബ് കൊല്ലപ്പെടുന്നതിന് തലേദിവസം ആകാശ് തളിപ്പറമ്പില്‍ വന്ന് വാഹനം ഏര്‍പ്പാട് ചെയ്യുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more