| Wednesday, 27th March 2024, 12:41 pm

മമ്മൂട്ടി ആദ്യമായി കണ്ടപ്പോള്‍ ഇവനാണോ എന്റെ ചാത്തനെന്നാണ് ചോദിച്ചത്; ഞാന്‍ അതേയെന്ന് മറുപടിയും പറഞ്ഞു: ഭ്രമയുഗത്തിലെ ചാത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം മലയാളത്തില്‍ മികച്ച അഭിപ്രായം നേടിയ സിനിമകളിലൊന്നാണ് ഭ്രമയുഗം. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു നല്‍കിയത്.

രാഹുല്‍ സദാശിവന്‍ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. അദ്ദേഹത്തിന് പുറമെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും ഭ്രമയുഗത്തില്‍ ഒന്നിച്ചിരുന്നു.

ചിത്രത്തില്‍ അവസാന ഭാഗത്ത് വരുന്ന ചാത്തനായി അഭിനയിച്ചത് ആകാശ് എന്ന എട്ടാം ക്ലാസുകാരനായിരുന്നു. സിനിമക്ക് ശേഷം താന്‍ ആദ്യമായി മമ്മൂട്ടിയെ കണ്ടതിനെ കുറിച്ച് പറയുകയാണ് ആകാശ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ആ സമയത്ത് ഫോട്ടോ എടുക്കാന്‍ സമ്മതിച്ചിരുന്നില്ല. ആ ലുക്ക് പുറത്ത് പോകുന്നത് കൊണ്ട് ഫോട്ടോ എടുക്കാന്‍ സിനിമയുടെ ക്രൂ സമ്മതിച്ചില്ല. പിന്നെ ഷൂട്ടിങ് കഴിഞ്ഞ് അടുത്ത ദിവസം ഓണത്തിന് പരിപാടി ഉണ്ടായിരുന്നു.

അന്ന് അവിടെ വെച്ചാണ് ആദ്യമായി മമ്മൂട്ടിയെ കാണുന്നത്. ഓണ പരിപാടിയുടെ ഇടയില്‍ ഇവനാണോ എന്റെ ചാത്തന്‍ എന്ന് മമ്മൂട്ടി ചോദിച്ചിരുന്നു. ഞാന്‍ അതേയെന്ന് പറഞ്ഞപ്പോള്‍ എന്റെ വീടും പേരുമൊക്കെ ചോദിച്ചു. മമ്മൂട്ടിയെ കണ്ടത് നല്ല ഒരു എക്‌സ്പീരിയന്‍സായിരുന്നു. ഞാന്‍ ശരിക്കും വിജയ്‌യുടെ ഫാനാണ്. മലയാളത്തില്‍ മമ്മൂട്ടിയെയാണ് ഇഷ്ടം.

മമ്മൂട്ടിയെ കണ്ടോയെന്ന് കൂട്ടുകാരൊക്കെ ചോദിച്ചിരുന്നു. എന്നോട് അദ്ദേഹം എന്തൊക്കെ ചോദിച്ചെന്നായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്. ഇപ്പോള്‍ എന്നെ സ്‌കൂളില്‍ ചാത്തന്‍ എന്നാണ് വിളിക്കുന്നത്. ആകാശ് എന്നുള്ള പേര് മാറ്റി ചാത്തനായി,’ ആകാശ് പറഞ്ഞു.

ചാത്തന്‍ ഗ്രാഫിക്സല്ല ഒറിജിനലാണെന്ന് ആരോടും പറയരുതെന്ന് കരാറില്‍ ഉണ്ടായിരുന്നെന്നും ആകാശ് അഭിമുഖത്തില്‍ പറയുന്നു. എറണാകുളത്ത് ഒരു സ്റ്റുഡിയോയിലാണ് ആ സീനിനായി സെറ്റിട്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘അന്ന് മേക്കപ്പ് വെളുപ്പിന് അഞ്ചു മണിക്കാണ് തുടങ്ങിയത്. പന്ത്രണ്ടു മണിയോടെയാണ് അത് കഴിയുന്നത്. എറണാകുളത്ത് ഒരു സ്റ്റുഡിയോയിലാണ് അന്ന് സെറ്റിട്ടത്. ആദ്യമായാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത്.

അവര്‍ കരാറില്‍ ഈ സിനിമയെ കുറിച്ച് ആരോടും പറയരുതെന്ന് പറഞ്ഞിരുന്നു. ചാത്തന്‍ ഗ്രാഫിക്സ് അല്ല ഒറിജിനലാണെന്ന് പറയരുതെന്നും പ്രത്യേകം പറഞ്ഞു. അങ്ങനെ പറഞ്ഞാല്‍ ആളുകള്‍ക്ക് പേടി പോകുമെന്നാണ് പറഞ്ഞത്,’ ആകാശ് പറഞ്ഞു.


Content Highlight: Akash Talks About Mammootty

We use cookies to give you the best possible experience. Learn more