അന്ന് കണ്ണാടിയില്‍ നോക്കിയപ്പോള്‍ ഞാന്‍ തന്നെയാണോ എന്ന് സംശയിച്ചു; പിന്നീട് സിനിമ കണ്ടപ്പോള്‍ പേടിച്ചു: ഭ്രമയുഗത്തിലെ ചാത്തന്‍
Film News
അന്ന് കണ്ണാടിയില്‍ നോക്കിയപ്പോള്‍ ഞാന്‍ തന്നെയാണോ എന്ന് സംശയിച്ചു; പിന്നീട് സിനിമ കണ്ടപ്പോള്‍ പേടിച്ചു: ഭ്രമയുഗത്തിലെ ചാത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th March 2024, 10:24 am

മമ്മൂട്ടി നായകനായി തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായിരുന്നു. ബ്ലാക്ക് ഏന്‍ഡ് വൈറ്റിലെത്തിയ ചിത്രത്തിന് പല കോണുകളില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

ചിത്രത്തില്‍ അവസാന ഭാഗത്ത് വരുന്ന ചാത്തനായി അഭിനയിച്ചത് ആകാശ് എന്ന എട്ടാം ക്ലാസുകാരനായിരുന്നു. താന്‍ ചാത്തന് വേണ്ടിയിട്ട മേക്കപ്പിനെ കുറിച്ച് പറയുകയാണ് ആകാശ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ മേക്കപ്പ് വെളുപ്പിന് അഞ്ചു മണിക്കാണ് തുടങ്ങിയത്. പന്ത്രണ്ടു മണിയോടെയാണ് അത് കഴിയുന്നത്. എറണാകുളത്ത് ഒരു സ്റ്റുഡിയോയിലാണ് അന്ന് സെറ്റിട്ടത്. ആദ്യമായാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത്.

അവര്‍ കരാറില്‍ ഈ സിനിമയെ കുറിച്ച് ആരോടും പറയരുതെന്ന് പറഞ്ഞിരുന്നു. ചാത്തന്‍ ഗ്രാഫിക്‌സ് അല്ല ഒറിജിനലാണെന്ന് പറയരുതെന്നും പ്രത്യേകം പറഞ്ഞു. അങ്ങനെ പറഞ്ഞാല്‍ ആളുകള്‍ക്ക് പേടി പോകുമെന്നാണ് പറഞ്ഞത്.

സിനിമ കാണാന്‍ ഞാനും അമ്മയും ചേട്ടനും ചേര്‍ന്നാണ് പോയത്. ആ സിനിമ കണ്ടപ്പോള്‍ എന്നെ കണ്ട് അത് ഞാനാണെന്ന് തോന്നിയില്ല. പകരം എനിക്ക് പേടി തോന്നി. ഷൂട്ടിന്റെ സമയത്ത് പന്ത്രണ്ടു മണിക്ക് മേക്കപ്പ് കഴിഞ്ഞിട്ട് ഫുഡ് കഴിക്കണമായിരുന്നു. എനിക്ക് കഴിക്കാന്‍ കഴിയാത്തത് കൊണ്ട് അമ്മ വാരി തരികയായിരുന്നു.

പിന്നെ ഒരു മണിയൊക്കെ കഴിഞ്ഞാണ് ഷൂട്ട് തുടങ്ങിയത്. അതില്‍ ബോഡി കിടത്തിയതിന്റെ താഴെ ഒരു ബേസ്മെന്റ് ഉണ്ടായിരുന്നു. അതിനകത്ത് നിന്നാണ് ചാത്തന്‍ കയറി വരുന്നത്. ആക്ഷന്‍ പറയുമ്പോള്‍ നമുക്ക് അത് കേള്‍ക്കാന്‍ കഴിയുമായിരുന്നു.

അതില്‍ എന്റേത് മേക്കപ്പ് അല്ലായിരുന്നു. ആദ്യം പോയപ്പോള്‍ ലിക്വിഡ് പോലെയുള്ള ഒരു സാധനം ദേഹത്ത് തേച്ചിട്ട് അളവൊക്കെയെടുത്തു. പിന്നെ രണ്ടാമത് പോയപ്പോള്‍ ആ കോസ്റ്റ്യൂം ഒട്ടിച്ചു നോക്കി. ഉടുപ്പായിരുന്നില്ല അത്. കുറേ പാര്‍ട്ടുകളായിട്ടുള്ള ഒരു സാധനമാണ്.

നെഞ്ചിന്റെ ഒരു ഭാഗം, പിന്നെ കാലുകളുടെയും മറ്റും വേറെ പാര്‍ട്ടുകളൊക്കെ ആയിട്ടാണ് അത് ഉണ്ടായിരുന്നത്. ഞാന്‍ അതിന്റെ അടിയില്‍ ഷോര്‍ട്ട്‌സാണ് ഇട്ടിരുന്നത്. മുടിയൊക്കെ മാസ്‌ക് ചെയ്ത് വെച്ചതായിരുന്നു. മേക്കപ്പ് കഴിഞ്ഞ് കണ്ണാടിയില്‍ നോക്കിയപ്പോള്‍ അത് ഞാന്‍ തന്നെയാണോ എന്ന് സംശയം തോന്നി,’ ആകാശ് പറഞ്ഞു.


Content Highlight: Akash Talks About His Makeup In Bramayugam