വ്യത്യസ്തമായ സിനിമകള്‍ കൊണ്ട് ലോകത്താകമാനം ശ്രദ്ധനേടാന്‍ മലയാള സിനിമക്ക് കഴിയാറുണ്ട്. മലയാളത്തില്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി പരീക്ഷണ ചിത്രങ്ങളുടെ ഭാഗമാകുന്ന താരമാണ് മമ്മൂട്ടി. അഭിനയിക്കുന്ന പരീക്ഷണ ചിത്രങ്ങളിലൂടെ ഏറെ പ്രശംസ നേടാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
ഈയിടെ അദ്ദേഹത്തിന്റേതായി തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിന് പല കോണുകളില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
ചിത്രത്തില്‍ അവസാന ഭാഗത്ത് മമ്മൂട്ടി അവതരിപ്പിച്ച കൊടുമണ്‍ പോറ്റിയുടെ കഥാപാത്രം കത്തുകയും ആ ദേഹത്തില്‍ നിന്ന് ചാത്തന്‍ പുറത്തു വരികയും ചെയ്തിരുന്നു. വളരെ പേടിപ്പെടുത്തുകയും അറപ്പ് തോന്നുന്നതുമായ സീനായിരുന്നു ഇത്.
ഈ സീനില്‍ ചാത്തനായി അഭിനയിച്ചത് ആകാശ് എന്ന എട്ടാം ക്ലാസുകാരനായിരുന്നു. തന്റെ ആദ്യ ചിത്രമായ ഭ്രമയുഗത്തെ കുറിച്ച് പറയുകയാണ് ആകാശ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഞാന്‍ ഒരു ഡാന്‍സ് സ്‌കൂളില്‍ പഠിക്കുകയാണ്. എന്റെ മാസ്റ്റര്‍ കാരണമാണ് ഈ സിനിമയില്‍ എനിക്ക് അവസരം ലഭിക്കുന്നത്. സിനിമയിലെ ആ സീനിനെ പറ്റി കൂടുതലൊന്നും എന്നോട് പറഞ്ഞിരുന്നില്ല. കത്തിയ ഒരു ദേഹത്തിന്റെ ഉള്ളില്‍ നിന്ന് വരുന്നതാണ് എന്ന് മാത്രം പറഞ്ഞിരുന്നു.
ആ കത്തിയ ദേഹം മമ്മൂട്ടിയുടേതാണെന്നും പറഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ ഒരുപാട് എക്‌സൈറ്റഡായിരുന്നു. ആ സീന്‍ ചെയ്യുമ്പോള്‍ കണ്ണില്‍ ലെന്‍സ് വെച്ചിരുന്നു. മേക്കപ്പ് തൊട്ടുനോക്കുമ്പോള്‍ വളരെ സോഫ്റ്റായിട്ട് നില്‍ക്കുന്നതായിരുന്നു. കാണുന്നത് പോലെയുള്ള ഒരു അറപ്പ് തോന്നിയിരുന്നില്ല.
എന്റെ ഷൂട്ടിങ് മൂന്നു ദിവസമായിരുന്നു ഉണ്ടായിരുന്നത്. മേക്കപ്പ് വെളുപ്പിന് അഞ്ചു മണിക്കാണ് തുടങ്ങിയത്. പന്ത്രണ്ടു മണിയോടെയാണ് അത് കഴിയുന്നത്. എറണാകുളത്ത് ഒരു സ്റ്റുഡിയോയിലാണ് അന്ന് സെറ്റിട്ടത്. ആദ്യമായാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത്.
അവര്‍ കരാറില്‍ ഈ സിനിമയെ കുറിച്ച് ആരോടും പറയരുതെന്ന് പറഞ്ഞിരുന്നു. ചാത്തന്‍ ഗ്രാഫിക്‌സ് അല്ല ഒറിജിനലാണെന്ന് പറയരുതെന്നും പ്രത്യേകം പറഞ്ഞു. അങ്ങനെ പറഞ്ഞാല്‍ ആളുകള്‍ക്ക് പേടി പോകുമെന്നാണ് പറഞ്ഞത്,’ ആകാശ് പറഞ്ഞു.
Content Highlight: Akash Says Chathan In Bramayugam Is Not Graphics