മലിങ്കയെ അടക്കം തൂക്കിയെറിഞ്ഞാണ് ഇവന്‍ മുംബൈക്ക് വേണ്ടി ഇങ്ങനെയൊരു റെക്കോഡ് സ്വന്തമാക്കിയത്
Sports News
മലിങ്കയെ അടക്കം തൂക്കിയെറിഞ്ഞാണ് ഇവന്‍ മുംബൈക്ക് വേണ്ടി ഇങ്ങനെയൊരു റെക്കോഡ് സ്വന്തമാക്കിയത്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd April 2024, 5:44 pm

മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റുകള്‍ക്കാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്.

ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 15.3 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ മുംബൈ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയിരിക്കുകയാണ്.

പരാജയപ്പെട്ടെങ്കിലും മുംബൈയുടെ പേസ് അറ്റാക്കര്‍ ആകാശ് മദ്‌വാള്‍ തകര്‍പ്പന്‍ റെക്കോഡാണ് സ്വന്തമാക്കിയത്. മുംബൈക്ക് വേണ്ടി ഒമ്പത് മത്സരങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമാകാനാണ് ആകാശ് മദ്‌വാളിന് കഴിഞ്ഞത്. മുംബൈയുടെ മലിങ്കയെ വരെ മറികടന്നാണ് താരം ഈ റെക്കോഡ് സ്വന്തമാക്കിയത്.

9 മത്സരങ്ങള്‍ക്ക് ശേഷം എം.ഐക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം, വിക്കറ്റുകള്‍

ആകാശ് മധ്വാള്‍ – 17*

ദില്‍ഹാര ഫെര്‍ണാണ്ടോ – 15

ലസിത് മലിങ്ക – 14

മിച്ചല്‍ ജോണ്‍സണ്‍ – 12

മായങ്ക് മാര്‍ക്കണ്ടെ – 12

 

ആകാശ് നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ആകാശിന് പുറമെ ക്വേന മഫാക്ക ഒരു വിക്കറ്റും മുംബൈക്ക് വേണ്ടി നേടി.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാനായി റിയാന്‍ പരാഗ് 39 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്സ് ഉള്‍പ്പെടെ 54 റണ്‍സ് നേടി നിര്‍ണായകമായപ്പോള്‍ രാജസ്ഥാന്‍ ഈ സീസണിലെ ഹാട്രിക് വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ മൂന്ന് മത്സരങ്ങളും വിജയിച്ച രാജസ്ഥാന്‍ ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. മറുഭാഗത്ത് തുടര്‍ച്ചയായി മൂന്നു മത്സരങ്ങളും പരാജയപ്പെട്ട് പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്താണ് മുംബൈ.

ഏപ്രില്‍ ആറിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമായാണ് രാജസ്ഥാന്റെ അടുത്ത മത്സരം. റോയല്‍സിന്റെ തട്ടകമായ സവാല്‍ മാന്‍സിങ് സ്റ്റേഡിയമാണ് വേദി. അതേസമയം ഏപ്രില്‍ ഏഴിന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.

Content highlight: Akash Madhwal In Record Achievement