ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് രണ്ടാം വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഏഴ് വിക്കറ്റുകള്‍ക്കാണ് മുംബൈ പരാജയപ്പെടുത്തിയത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 15.3 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ജയിച്ചെങ്കിലും ഒരു മോശം നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ താരം ആകാശ് മധ്വാള്‍. മത്സരത്തില്‍ ആകാശ് ഒരു വിക്കറ്റ് നേടിയെങ്കിലും നാല് ഓവറില്‍ 57 റണ്‍സാണ് താരം വഴങ്ങിയത്. 14.25 എക്കോണമിയില്‍ പന്തെറിഞ്ഞ ആകാശ് ആയിരുന്നു മുംബൈ നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്.
ഇതിനു പിന്നാലെ ഒരു മോശം നേട്ടമാണ് ആകാശ് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുനല്‍കുന്ന ഇന്ത്യന്‍ താരമെന്ന മോശം നേട്ടമാണ് ആകാശ് മധ്വാള്‍ സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളര്‍, വഴങ്ങിയ റണ്‍സ്, എതിര്‍ ടീം എന്നീ ക്രമത്തില്‍
ഹര്‍ദിക് പാണ്ഡ്യ-57-പഞ്ചാബ് കിങ്സ്
ആകാശ് മധ്വാള്‍-57-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
അബു നെച്ചിം-56-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
ജസ്പ്രീത് ബുംറ-56-ചെന്നൈ സൂപ്പര്‍ കിങ്സ്
മുംബൈ ബൗളിങ്ങില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നടത്തിയത്. നാല് ഓവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബുംറ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
മുംബൈ ബാറ്റിങ് നിരയില്‍ ഇഷാന്‍ കിഷന്‍ 34 പന്തില്‍ 69 റണ്‍സ് നേടി മികച്ച തുടക്കമാണ് മുംബൈക്ക് നല്‍കിയത്. ഏഴ് ഫോറുകളും അഞ്ച് സിക്‌സുകളും ആണ് ഇഷാന്റെ ബാറ്റില്‍ നിന്നും പിറന്നത്. മിഡില്‍ ഓവറുകളില്‍ തകര്‍ത്തടിച്ച സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ഇന്നിങ്‌സും ഏറെ ശ്രദ്ധേയമായി.
Under the Wankhede lights, but not bothered by heat or stress, these 🌟🌟 provided us with #3XProtection in #MIvRCB 🙌
19 പന്തില്‍ 52 റണ്‍സ് നേടിക്കൊണ്ടായിരുന്നു സൂര്യയുടെ തകര്‍പ്പന്‍ പ്രകടനം. 273.68 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരം അഞ്ച് ഫോറുകളും നാല് സിക്‌സുകളുമാണ് അടിച്ചെടുത്തത്. രോഹിത് ശര്‍മ 24 പന്തില്‍ 38 റണ്‍സ് നേടിയും നിര്‍ണായകമായി.
അതേസമയം ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിനായി നായകന്‍ ഫാഫ് ഡുപ്ലെസിസ് 40 പന്തില്‍ 61 റണ്‍സും ദിനേശ് കാര്‍ത്തിക് 23 പന്തില്‍ പുറത്താവാതെ 53 റണ്‍സും രജത് പടിതാര്‍ 26 പന്തില്‍ 50 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
Content Highlight: Akash Madhwal create a unwanted record for Mumbai Indians in IPL