അദ്ദേഹം സമ്മാനിച്ച ബാറ്റുകൊണ്ട് ഞാന്‍ ഒരിക്കലും കളിക്കില്ല; തുറന്ന് പറഞ്ഞ് ആകാശ് ദീപ്
Sports News
അദ്ദേഹം സമ്മാനിച്ച ബാറ്റുകൊണ്ട് ഞാന്‍ ഒരിക്കലും കളിക്കില്ല; തുറന്ന് പറഞ്ഞ് ആകാശ് ദീപ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th September 2024, 7:49 am

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 280 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 376 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ ബംഗ്ലാദേശ് 149 റണ്‍സിനും തകര്‍ന്നു.

തുടര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 287 റണ്‍സ് നേടിയതോടെ 515 റണ്‍സ് വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് മറികടക്കാനുണ്ടായിരുന്നത്. എന്നാല്‍ കടുവകള്‍ 234 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി യുവ പേസര്‍ ആകാശ് ദീപ് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്‌സില്‍ 17 റണ്‍സും രണ്ട് വിക്കറ്റും നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ആറ് ഓവര്‍ എറിഞ്ഞ് വെറും 20 റണ്‍സ് വഴങ്ങി പന്തെറിയാനും താരത്തിന് സാധിച്ചു.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ആകാശ് ദീപ്. മുമ്പ് വിരാട് തനിക്ക് ഒരു ബാറ്റ് സമ്മാനിച്ചിരുന്നെന്നും എന്നാല്‍ ഒരിക്കലും താന്‍ അത് ഉപയോഗിക്കില്ലെന്നുമാണ് താരം പറഞ്ഞത്. ഒരുപാട് മൂല്യമുള്ള വിരാടിന്റ സമ്മാനം ആകാശ് സ്വന്തം മുറിയുടെ ചുമരില്‍ സൂക്ഷിക്കുമെന്നും പറഞ്ഞു.

‘വിരാട് തന്നെയാണ് അദ്ദേഹത്തിന്റെ ബാറ്റ് എനിക്ക് സമ്മാനിച്ചത്. എന്റെ ബാറ്റിങ് കഴിവുകള്‍ അയാള്‍ ഇഷ്ടപ്പെട്ടിരിക്കണം. അവന്‍ എന്റെ അടുത്ത് വന്ന് എനിക്ക് അവന്റെ ബാറ്റ് വേണോ എന്ന് ചോദിച്ചു. വിരാട് എന്തെങ്കിലും വാഗ്ദാനം ചെയ്താല്‍ ആരാണ് വേണ്ടെന്ന് പറയുക? അവന്‍ ഒരു ഇതിഹാസമാണ്. ബാറ്റ് ചെയ്യുമ്പോള്‍ ഞാന്‍ ഉപയോഗിക്കുന്ന ബാറ്റിനെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചിരുന്നു,

വാക്കുകളില്ലാത്തതിനാല്‍ ഞാന്‍ പുഞ്ചിരിച്ചു. അപ്പോള്‍ അവന്റെ ബാറ്റ് എനിക്ക് തന്നു. അത് വിരാട് ഭയ്യയുടെ വലിയ സമ്മാനമായതിനാല്‍ ഞാന്‍ ഒരിക്കലും ആ ബാറ്റുമായി കളിക്കില്ല, എന്റെ മുറിയുടെ ചുമരില്‍ ഞാന്‍ അത് സൂക്ഷിക്കും. ബാറ്റില്‍ ഞാന്‍ അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫും എടുത്തു,’ ആകാശ് ദീപ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

2024ലെ ദുലീപ് ട്രോഫിയില്‍ ഇന്ത്യ എയ്ക്ക് വേണ്ടി ആകാശ് കളിച്ചിരുന്നു. ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യ ബിയ്ക്കെതിരെ നടന്ന മത്സരത്തില്‍ താരം ഒമ്പത് വിക്കറ്റ് വീഴ്ത്തി തകര്‍പ്പന്‍ പ്രകടനവും നടത്തി. രണ്ട് ഇന്നിങ്‌സുകളിലുമായി 9/116 എന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. രണ്ടാം ഇന്നിങ്സില്‍ 43 റണ്‍സും താരം നേടി.

 

Content Highlight: Akash Deep Talking About Virat Kohli’s Bat