|

അവരാണ് എനിക്ക് ക്രിക്കറ്റ് ദൈവങ്ങള്‍; പ്രസ്താവനയുമായി ഇന്ത്യന്‍ യുവ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ 280 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ താരങ്ങള്‍. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് രണ്ടാം ടെസ്റ്റ്. സെപ്റ്റംബര്‍ 27ന് കാണ്‍പൂരിലാണ് ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ്.

മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ യുവ പേസ് ബൗളര്‍ ആകാശ് ദീപ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കുറിച്ചും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ്.

‘ഞാന്‍ ടീം ഇന്ത്യയിലേക്ക് ചേരുമ്പോള്‍ വിരാടില്‍ നിന്നും രോഹിത്തില്‍ നിന്നും വ്യത്യസ്തമായ കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും ഞാന്‍ സാക്ഷ്യം വഹിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അവരാണ് ക്രിക്കറ്റിന്റെ ദൈവങ്ങള്‍. അവര്‍ ക്രിക്കറ്റില്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും എപ്പോഴും കഠിനമായി പ്രയത്‌നിച്ച് മുന്നോട്ട് പോകാനാണ് ചിന്തിക്കുന്നത്.

ബംഗ്ലാദേശിനെതിരായ പരമ്പര എന്നെ സമ്മര്‍ദത്തിലാക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷെ രോഹിത് ഭയ്യ എനിക്ക് കാര്യങ്ങള്‍ ലളിതവും എളുപ്പവുമാക്കി. അദ്ദേഹം എനിക്ക് മികച്ച പിന്തുണയാണ് തന്നത്. ഞാന്‍ ആഭ്യന്തര അല്ലെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുകയാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എനിക്ക് തീരെ സമ്മര്‍ദം ഇല്ലായിരുന്നു,’ കാണ്‍പൂരില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി അദ്ദേഹം പറഞ്ഞു.

ആദ്യ ടെസ്റ്റില്‍ യുവ പേസര്‍ ആകാശ് ദീപ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്‌സില്‍ 17 റണ്‍സും രണ്ട് വിക്കറ്റും നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ആറ് ഓവര്‍ എറിഞ്ഞ് വെറും 20 റണ്‍സ് വഴങ്ങി പന്തെറിയാനും താരത്തിന് സാധിച്ചു.

2024ലെ ദുലീപ് ട്രോഫിയില്‍ ഇന്ത്യ എയ്ക്ക് വേണ്ടി ആകാശ് കളിച്ചിരുന്നു. ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യ ബിയ്ക്കെതിരെ നടന്ന മത്സരത്തില്‍ താരം ഒമ്പത് വിക്കറ്റ് വീഴ്ത്തി തകര്‍പ്പന്‍ പ്രകടനവും നടത്തി. രണ്ട് ഇന്നിങ്‌സുകളിലുമായി 9/116 എന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. രണ്ടാം ഇന്നിങ്സില്‍ 43 റണ്‍സും താരം നേടി.

Content Highlight: Akash Deep Talking About Rohit Sharma And Virat Kohli