ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 280 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 376 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ ബംഗ്ലാദേശ് 149 റണ്‍സിനും തകര്‍ന്നു.
തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 287 റണ്‍സ് നേടിയതോടെ 515 റണ്‍സ് വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് മറികടക്കാനുണ്ടായിരുന്നത്. എന്നാല്‍ കടുവകള്‍ 234 റണ്‍സിന് പുറത്താവുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി യുവ പേസര്‍ ആകാശ് ദീപ് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്സില്‍ 17 റണ്‍സും രണ്ട് വിക്കറ്റും നേടിയപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ആറ് ഓവര്‍ എറിഞ്ഞ് വെറും 20 റണ്‍സ് വഴങ്ങി പന്തെറിയാനും താരത്തിന് സാധിച്ചു. ടൈംസ് ഓഫ് ഇന്ത്യയുമായി നടന്ന ഒരു സംഭാഷണത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കുറിച്ചും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചും സംസാരിക്കുകയാണ് ആകാശ് ദീപ്.
‘ഏറ്റവും മികച്ച ക്യാപ്റ്റന്റെ കീഴില്‍ എനിക്ക് കളിക്കാന്‍ സാധിച്ചു. അദ്ദേഹം വളരെ ശാന്ത സ്വഭാവക്കാരനാണ്. ഓരോ കളിക്കാരന്റെ കാര്യങ്ങളും അദ്ദേഹം വളരെ ലളിതവും കൈകാര്യം ചെയ്യുന്നു. ഒരോ കളിക്കാരെയും രോഹിത് ഒരു സുഹൃത്തെന്ന നിലയിലും സഹോദരന്‍ എന്ന നിലയിലും കൈകാര്യം ചെയ്യുന്നത് നിങ്ങളെ അമ്പരപ്പിക്കും. അദ്ദേഹം മികച്ച ക്യാപ്റ്റനാണ്,’ ടൈംസ് ഓഫ് ഇന്ത്യയില്‍ ആകാശ് ദീപ്.
2024ലെ ദുലീപ് ട്രോഫിയില്‍ ഇന്ത്യ എയ്ക്ക് വേണ്ടി ആകാശ് കളിച്ചിരുന്നു. ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യ ബിയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ താരം ഒമ്പത് വിക്കറ്റ് വീഴ്ത്തി തകര്‍പ്പന്‍ പ്രകടനവും നടത്തി. രണ്ട് ഇന്നിങ്സുകളിലുമായി 9/116 എന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 43 റണ്‍സും താരം നേടി.
അതേസമയം ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ താരങ്ങള്‍. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ്. ആദ്യ ടെസ്റ്റില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ മികച്ച ആത്മവിശ്വാസത്തിലാണ് കളത്തില്‍ ഇറങ്ങുന്നത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കി തിരിച്ചുവരാനാണ് ബംഗ്ലാകടുവകള്‍ തയ്യാറെടുക്കുന്നത്.
Content Highlight: Akash Deep Talking About Rohit Sharma