ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ പുരോഗമിക്കുകയാണ്. മത്സരത്തിലെ നാലാം ദിനം ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് നേടിയത്. ഓസീസിനെ 445 റണ്‍സിന് തളച്ച ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ വമ്പന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു.
ഇന്ത്യന്‍ നിരയെ അടി മുടി തകര്‍ത്ത് മിന്നും പ്രകടനമാണ് ഓസീസ് ബൗളര്‍മാര്‍ കാഴ്ചവെച്ചത്. ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന വിരാട് കോഹ്‌ലി അടക്കമുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഓപ്പണര്‍ കെ.എല്‍ രാഹുലും (139 പന്തില്‍ 84) രവീന്ദ്ര ജഡേജയും (123 പന്തില്‍ 77) ടീമിന് വേണ്ടി അര്‍ധ സെഞ്ച്വറി നേടിയിരുന്നു.
നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് ജസ്പ്രീത് ബുംറയും (10 പന്തില്‍ 27) ആകാശ് ദീപുമാണ് (31 പന്തില്‍ 27). മികച്ച പ്രകടനമാണ് ലാസ്റ്റ് വിക്കറ്റില്‍ ഇരുവരും പുറത്തെടുത്തത്. വിക്കറ്റ് നഷ്ടപ്പെടുത്താതെ ഫോളോ ഓണില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചതും ഇരുവരുടെ മികവാണ്.
11ാമനായി ഇറങ്ങിയ ആകാശ് ദീപാണ് മറ്റൊരുതരത്തില്‍ അമ്പരപ്പിച്ചത്. ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെയാണ് താരം 27 റണ്‍സ് നേടിയത്. ഇതോടെ ഒരു മിന്നും നേട്ടം കൊയ്യാനും ആകാശിന് സാധിച്ചു. ടെസ്റ്റില്‍ ഓസീസിനെതിരെ 11ാം നമ്പര്‍ ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്.
ഇതിന് മുമ്പ് ഇന്ത്യന്‍ ബൗളര്‍ ശിവലാല്‍ യാദവ് നേടിയ 41 റണ്‍സാണ് ഒന്നാമതായുള്ളത്. വരും ദിനത്തില്‍ 41 റണ്‍സ് മറികടത്താന്‍ സാധിച്ചാല്‍ ശിവലാലിനെ പിന്നിലാക്കി റെക്കോഡ് നേട്ടത്തില്‍ ഒന്നാമനാകാന്‍ ആകാശിന് സാധിക്കും.
ഇന്ത്യന്‍ നിരയെ തകര്‍ത്ത് മിന്നും പ്രകടനമാണ് ഓസീസ് ബൗളര്‍ പാറ്റ് കമ്മിന്‍സ് കാഴ്ചവെച്ചത്. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. കമ്മിന്‍സിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും ജോഷ് ഹേസല്‍വുഡ് , നഥാന്‍ ലിയോണ്‍ എന്നിവര്‍ ഒരു വിക്കറ്റും നേടി.
Content Highlight: Akash Deep In Great Record Achievement