| Friday, 23rd February 2024, 7:58 pm

അരങ്ങേറ്റക്കാരന്റെ അഴിഞ്ഞാട്ടം, ഇംഗ്ലണ്ടിനെ വിറപ്പിച്ച ഇന്ത്യയുടെ വജ്രായുധം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിന്റെ ആദ്യദിവസം പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 302-7 എന്ന നിലയിലാണ്.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ആകാശ് ദീപ് മികച്ച പ്രകടനമാണ് നടത്തിയത്. ഇംഗ്ലണ്ടിന്റെ മൂന്ന് താരങ്ങളെ പവലിയനിലേക്ക് അയച്ചുകൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

17 ഓവറില്‍ 70 റണ്‍സ് വിട്ടു നല്‍കിയാണ് ആകാശ് മൂന്ന് വിക്കറ്റുകള്‍ നേടിയത്. 4.12 ആണ് താരത്തിന്റെ എക്കോണമി.

ഇംഗ്ലണ്ട് താരങ്ങളായ സാക്ക് ക്രോളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ് എന്നിവരെയാണ് ആകാശ് പുറത്താക്കിയത്. താരത്തിന്റെ ഈ മിന്നും ബൗളിങ്ങിന് പിന്നാലെ വലിയ അഭിനന്ദനപ്രവാഹമാണ് ആകാശിനെ തേടിയെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് ആകാശ് ആദ്യ ഇലവനില്‍ ഇടം നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബീഹാറിനായുള്ള മിന്നും പ്രകടനമാണ് ആകാശിനെ ഇന്ത്യന്‍ ജേഴ്സി തേടിയെത്താന്‍ കാരണമായത്. ഇംഗ്ലണ്ട് ലയണ്‍സിനെതിരെയുള്ള മത്സരങ്ങളില്‍ ഇന്ത്യ എ ടീമിന് വേണ്ടി മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 29 മത്സരങ്ങളില്‍ നിന്നും 103 വിക്കറ്റുകളാണ് ആകാശ് ദീപ് നേടിയിട്ടുള്ളത്. 12.08 ആവറേജിൽ 3.04 ആണ് താരത്തിന്റെ ഇക്കോണമി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമാണ് ആകാശ്.

ആകാശിന് പുറമെ ഇന്ത്യന്‍ ബൗളിങ്ങില്‍ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ആര്‍.അശ്വിന്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയും മികച്ച പ്രകടനം നടത്തി.

ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ ജോ റൂട്ട് തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 226 പന്തില്‍ പുറത്താവാതെ 106 റണ്‍സ് നേടിയായിരുന്നു റൂട്ടിന്റെ മികച്ച പ്രകടനം.

Content Highlight: Akash deep great performance in his debut test match

We use cookies to give you the best possible experience. Learn more