ക്രിക്കറ്റ് ബ്രോഡ്കാസ്റ്റര്‍മാര്‍ എപ്പോഴും ന്യൂട്രല്‍ ആയിരിക്കണമെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍ ഈ ന്യൂട്രാലിറ്റി വെടിഞ്ഞ ഒരു അവസരത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.
ഇന്ത്യക്കായി പത്ത് ടെസ്റ്റ് മത്സരത്തില്‍ പാഡണിഞ്ഞ അദ്ദേഹം ബ്രോഡ്കാസ്റ്റര്‍, കമന്റേറ്റര്‍ എന്ന നിലയില്‍ പ്രസിദ്ധനാണ്. ഒരു തവണ നിഷ്പക്ഷ നിലപാടില്‍ നിന്നും മാറി ഇന്ത്യന്‍ ടീമിനെ സപ്പോര്‍ട്ട് ചെയ്ത സന്ദര്‍ഭത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.
ഒരു ബ്രോഡ്കാസ്റ്റര്‍ എന്ന നിലയില്‍ ഒരിക്കലും ഒരു സൈഡ് പിടിക്കാന്‍ പാടില്ലെന്നും ഒരിക്കലും അത് ഫൈറ്റ് അല്ലെന്നും ആകാശ് ചോപ്ര പറയുന്നു. തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു ബ്രോഡ്കാസ്റ്റര്‍ എന്ന നിലയില്‍, ഞങ്ങളെല്ലാം നിഷ്പക്ഷരായിരിക്കാന്‍ നിര്‍ദേശമുണ്ട് ,ഞങ്ങളും അവരുമെന്ന വേര്‍തിരിവ് അവിടെയില്ല. എപ്പോഴും ഇന്ത്യ-ഓസ്ട്രേലിയ ഇന്ത്യ-ഇംഗ്ലണ്ട് എന്നിങ്ങനെയാണ്. ഇത് ഞങ്ങളും അവരും തമ്മിലുള്ള പോരാട്ടമാണെന്ന് നിങ്ങള്‍ ഒരിക്കലും പറയരുത്,’ ചോപ്ര പറഞ്ഞു.
എന്നാല്‍ ഒരിക്കല്‍ അങ്ങനെ സംഭവിച്ചെന്നും ഇന്ത്യന്‍ കൊടിയെ കെട്ടിപിടിച്ചെന്നും പറയുകയാണ് അദ്ദേഹം. 2018-19 ഓസ്‌ട്രേലിയന്‍ പരമ്പരയിലായിരുന്നു ഇത് സംഭവിച്ചതെന്നും ഓസ്‌ട്രേലിയ മൊത്തത്തില്‍ ഇന്ത്യക്കെതിരെയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
‘എന്നാല്‍ ഒരിക്കല്‍ അത് സംഭവിച്ചു. ഞാന്‍ ഇന്ത്യന്‍ പതാക കെട്ടിപിടിച്ച് നമ്മുടെ ഇന്ത്യന്‍ ടീമിലെ 16 അംഗങ്ങള്‍ മൊത്തം രാജ്യത്തിനെതിരെയായിരുന്നുവെന്ന് അന്നെനിക്ക് മനസ്സിലായി.
ഞാന്‍ ഓസ്ട്രേലിയയിലായിരുന്നു, മുന്നിലുള്ളവര്‍ എല്ലാം ഇന്ത്യക്കെതിരെ ഒരുമിച്ച് നില്‍ക്കുന്നു. മുന്‍ ക്രിക്കറ്റ് താരങ്ങള്‍, മാധ്യമങ്ങള്‍, എല്ലാവരും ഒത്തുചേര്‍ന്ന് ടീം ഇന്ത്യക്കെതിരെ നില്‍ക്കുകയാണെന്ന് എനിക്ക് അന്ന് മനസിലായി.
ഇത് 2018-19 ടൂറിലായിരുന്നു, അവിടെയുള്ള ഒരേയൊരു ഇന്ത്യന്‍ ബ്രോഡ്കാസ്റ്റര്‍ ഞാനായിരുന്നു, ‘ഞാന്‍ നിഷ്പക്ഷ നിലപാട് ഉപേക്ഷിക്കട്ടെ, നമുക്ക് ഇന്ത്യന്‍ പതാക വീശാം’ എന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ഞങ്ങള്‍ അവിടെ വിജയിച്ചു, ഞാന്‍ അത് വളരെ ആസ്വദിച്ചു, ഞാന്‍ എന്റെ സന്തോഷമെല്ലാം പുറത്തുകാണിച്ചു,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.
Content Highlight: Akash Chpora says He left his neutrality one time when India Met Austrailia