2024 ഐ.പി.എല്‍ ആരംഭിക്കാനിരിക്കുകയാണ്. മാര്‍ച്ച് 22ന് ചെന്നൈ സൂപ്പര്‍ കിങ്‌സും മുബൈ ഇന്ത്യന്‍സും തമ്മിലാണ് ഉദ്ഘാടന മത്സരം. ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ഫേവറേറ്റ് മാച്ചാണ് രാജസ്ഥാന്‍ റോയല്‍സും ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്സും തമ്മില്‍ ലടക്കാനിരിക്കുന്നത്. മാര്‍ച്ച് 24ന് സവായി മന്‍സിങ് സ്റ്റേഡിയത്തിലാണ് മത്സരം. മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ ആണ് രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നത്.
എന്നാല്‍ മത്സരത്തിന് മുമ്പേ രാജസ്ഥാന്‍ റോയല്‍സിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചേപ്ര. ടീമിന്റെ ബൗളിങ് നിരയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് താരം പറഞ്ഞത്. കളിയിലെ ഡെത്ത് ഓവറുകളില്‍ ബൗളര്‍മാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ മുന്‍ താരത്തിന് ആശങ്കയുണ്ടെന്നും പറഞ്ഞു.
ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ ബൗളര്‍ ട്രെന്റ് ബോള്‍ട്ടിന്റെ കാര്യത്തിലാണ് ആകാശ് ചോപ്ര ആശങ്ക ഉയര്‍ത്തിയത്. ഐ.പി.എല്ലില്‍ മികച്ച സീമറാണെങ്കിലും ഡെത്ത് ഓവറില്‍ സമ്മര്‍ദം ഉണ്ടാക്കുന്നതിനേക്കാള്‍ ന്യൂ ബോള്‍ സ്വിങ് ചെയ്യിപ്പിക്കുന്നതിലാണ് ബോള്‍ട്ടിന്റെ ശക്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഡെത്ത് ഓവറില്‍ താരം അനുയോജ്യമല്ലെന്നും മുന്‍ താരം വിശ്വസിക്കുന്നു. മാത്രമല്ല നാന്ദ്രെ ബര്‍ഗര്‍, ആവേശ് ഖാന്‍ എന്നിവരടങ്ങുന്ന റോയല്‍സിന്റെ സീം-ബൗളിങ്ങില്‍ ആശങ്കയും ഉയര്‍ത്തി.
‘അവരുടെ ഡെത്ത് ബൗളിങ് അത്ര ശക്തമല്ല. ഒരു ഡെത്ത് ബൗളര്‍ എന്ന നിലയില്‍ ട്രെന്റ് ബോള്‍ട്ട് അത്ര മികച്ചതുമല്ല. നാന്ദ്രെ ബര്‍ഗര്‍ എറിഞ്ഞാല്‍ ഒരുപാട് റണ്‍സ് വഴങ്ങും. ദേവ്ദത്ത് പടിക്കലിനുവേണ്ടി അവര്‍ ആവേശ് ഖാനെ കച്ചവടം ചെയ്തു, എന്നാല്‍ ആവേശും വളരെ എക്‌സപന്‍സീവാണ്,’ ചോപ്ര തന്റെ യൂട്യൂബ് വീഡിയോയില്‍ പറഞ്ഞു.
‘അവര്‍ ചാഹലിനെ ഒരു ഡെത്ത് ബൗളറായി ഉപയോഗിച്ചിരുന്നു, പക്ഷേ അവനാണോ നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച ഓപ്ഷന്‍? അതിനാല്‍, ഡെത്ത് ബൗളിങ് അല്‍പ്പം ദുര്‍ബലമാണെന്ന് എനിക്ക് തോന്നുന്നു. ഈ ടീമിന്റെ സ്പിന്‍ ആക്രമണം മികച്ചതാണ്, പക്ഷേ ഡെത്ത് ബൗളിങ് അല്‍പ്പം ആശങ്കാജനകമാണ്,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.
Content Highlight: Akash Chopra warns Rajasthan Royals