Advertisement
Sports News
ധോണിയുടെ ആ മണ്ടന്‍ തീരുമാനമാണ് ചെന്നൈയെ തോല്‍പ്പിച്ചത്; വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Apr 01, 09:41 am
Saturday, 1st April 2023, 3:11 pm

2023ലെ ഐ.പി.എല്ലിലെ ആവേശകരമായ ആദ്യ മത്സരത്തില്‍ തോല്‍വിയോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടങ്ങിയത്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനോട് അഞ്ച് വിക്കറ്റിന്റെ തോല്‍വി വഴങ്ങാനായിരുന്നു ചെന്നൈയുടെ വിധി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് 178 റണ്‍സ് എടുക്കാനേ സാധിച്ചിരുന്നുള്ളൂ.

റിതുരാജ് ഗെയ്ക് വാദ് നടത്തിയ വെടിക്കെട്ടാണ് ചെന്നൈക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ശുഭ്മന്‍ ഗില്ലിന്റെ അര്‍ധസെഞ്ച്വറിയുടെ ബലത്തില്‍ അവസാന ഓവറില്‍ ടൈറ്റന്‍സ് കളി തങ്ങളുടെ പേരിലാക്കി.

ചെന്നൈ നിരയില്‍ റിതുരാജ്(92) ഒഴികെ ബാറ്റിങ്ങില്‍ ആര്‍ക്കും തന്നെ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. മോയിന്‍ അലി നേടിയ 23 റണ്‍സാണ് ടീമിലെ ഉയര്‍ന്ന സ്‌കോര്‍. മറുപടി ബാറ്റിങ്ങില്‍ 36 പന്തില്‍ 63 റണ്‍സെടുത്ത ഗില്ലിനൊപ്പം മധ്യനിരയും കൂടെ നിന്നതോടെ അവസാന ഓവറിന്റെ രണ്ടാം പന്തില്‍ ടൈറ്റന്‍സ് വിജയം പിടിച്ചെടുത്തു.

എന്നാല്‍ ആദ്യ മത്സരത്തിലെ ടീമിന്റെ ദയനീയ പരാജയത്തില്‍ ടീം ക്യാപ്റ്റന്‍ ധോണിയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ടീം ലൈനപ്പില്‍ ധോണി എടുത്ത മണ്ടന്‍ തീരുമാനമാണ് ചെന്നൈയുടെ തോല്‍വിക്ക് കാരണമെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. ഐ.പി.എല്ലിലെ പുതിയ നിയമമനുസരിച്ച് ഇംപാക്ട് പ്ലെയര്‍ സംവിധാനം ഉണ്ടായിട്ടും ടീമില്‍ അഞ്ച് ബൗളര്‍മാരെ മാത്രം ഉള്‍പ്പെടുത്തിയതാണ് ചോപ്രയെ ചൊടിപ്പിച്ചത്.

‘ആദ്യ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സ് മാവിയെ കളിപ്പിച്ചില്ലെങ്കിലും അവരുടെ കയ്യില്‍ ആറ് ബൗളര്‍മാരുണ്ടായിരുന്നു. പക്ഷെ തുഷാര്‍ ദേശ്പാണ്ടെയെ ഇംപാക്ട് പ്ലെയറായി ഉള്‍പ്പെടുത്തിയിട്ടും ടീമില്‍ അഞ്ച് ബൗളര്‍മാരെ ഉള്‍പ്പെടുത്താനേ ചെന്നൈക്ക് ആയിട്ടുള്ളൂ.

ഇതാണ് ടീമിന്റെ പരാജയത്തിന് കാരണം. ഇങ്ങനെ പോയാല്‍ നാല് തവണ ചാമ്പ്യന്മാരായ ചെന്നൈക്ക് ഇത്തവണത്തെ ഐ.പി.എല്ലും ശുഭകരമാകാന്‍ വഴിയില്ല,’ ആകാശ് ചോപ്ര ട്വീറ്റ് ചെയ്തു.

 ഇന്ന് രണ്ട് മത്സരങ്ങളാണ് ഐ.പി.എല്ലിലുള്ളത്. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും രണ്ടാം മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെയും നേരിടും.

Content Highlight: akash chopra tweet against msd