ട്വന്റി-20 പരമ്പരകളുടെ അതിപ്രസരം കാരണം ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പണി കിട്ടിയത് ടെസ്റ്റ് ക്രിക്കറ്റിനല്ല. മറിച്ച് ഏകദിന ക്രിക്കറ്റിനായിരുന്നു. ഏകദിന പരമ്പരകളുടെ വ്യക്തമായ കുറവ് നോക്കിയാല്‍ തന്നെ ഇത് മനസിലാക്കാം.
ഇപ്പോഴിതാ ഏകദിന ഫോര്‍മാറ്റിന് മാറ്റം വേണമെന്ന ആവശ്യവുമായി വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ക്രിക്കറ്റില്‍ ഒരര്‍ത്ഥവുമില്ലാത്ത ഫോര്‍മാറ്റാണ് ഏകദിനം എന്നാണ് ചോപ്രയുടെ അഭിപ്രായം. ട്വന്റി-20 ക്രിക്കറ്റാണ് ആരാധകര്‍ക്കും ബ്രോഡ്കാസ്റ്റുകാര്‍ക്കും ഇഷ്ടമെന്നും മുന്‍ താരം പറഞ്ഞു.
‘ഏകദിന ക്രിക്കറ്റാണ് ഏറ്റവും വിരസമായ മത്സരമെന്ന് എനിക്ക് തോന്നുന്നു. അത് ഒരു അര്‍ത്ഥമില്ലാത്ത കളിയായിട്ടാണ് തോന്നുന്നത്. അത് ആരും ഓര്‍ക്കാത്ത ഒരു ഫോര്‍മാറ്റായി മാറികൊണ്ടിരിക്കുകയാണ്. കാണികളെ ആകര്‍ഷിക്കാന്‍ ഏകദിന ക്രിക്കറ്റ് കഷ്ടപ്പെടുകയാണെന്ന് ഞാന്‍ കരുതുന്നു,’ ചോപ്ര പറഞ്ഞു
‘ടി20 ക്രിക്കറ്റല്ല നടത്തിപ്പിന് ബുദ്ധിമുട്ടുന്നത്. ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ തുടരണം കാരണം ബ്രോഡ്കാസ്‌റ്റേഴ്‌ലിന് അത് ആവശ്യമാണ്. അല്ലാത്തപക്ഷം ബ്രോഡ്കാസ്‌റ്റേഴ്‌സ് നിങ്ങള്‍ക്ക് പണം നല്‍കില്ല. എല്ലാ രാജ്യത്തിന്റെയും സംപ്രേക്ഷണാവകാശം വലിയ ഹിറ്റാകണമെങ്കില്‍ അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങള്‍ തുടരണം,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.
നേരത്തെ മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി ടി-20 മത്സരങ്ങള്‍ ലോകകപ്പില്‍ മാത്രം കളിച്ചാല്‍ മതിയെന്നും ബൈലാറ്ററല്‍ പരമ്പരകള്‍ അനാവശ്യമാണെന്നും പറഞ്ഞിരുന്നു.
‘ഞാന്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചായിരുന്നപ്പോള്‍ പോലും ഫുട്ബോളിന്റെ വഴിയില്‍ ക്രിക്കറ്റും മാറണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതായത് ട്വന്റി-20 നിങ്ങള്‍ ലോകകപ്പ് മാത്രം കളിക്കുക. രണ്ട് ടീമുകള്‍ കളിക്കുന്ന പരമ്പരകളൊന്നും ആരും ഓര്‍ക്കുക പോലുമില്ല,’ ശാസ്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ കുറച്ചുകൊണ്ട് ഐ.പി.എല്‍ പോലുള്ള ലീഗ് മത്സരങ്ങള്‍ കൂടുതല്‍ കളിക്കണമെന്നാണ് ശാസ്ത്രിയുടെ അഭിപ്രായം.
എന്നാല്‍ ചോപ്രയുടെ അഭിപ്രായത്തില്‍ ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ തുടരണമെന്നാണ്. ഇതിന് കാരണമായി ചോപ്ര ചൂണ്ടി കാണിക്കുന്നത് രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം അന്താരാഷ്ട്ര തലത്തില്‍ ടി20 ക്രിക്കറ്റ് കളിക്കുകയാണെങ്കില്‍, ലോക ഇവന്റിന് തയ്യാറെടുക്കാന്‍ ടീമുകള്‍ക്ക് സമയം കാണില്ല എന്നാണ്.
തന്റെ യൂട്യൂബ് ചാനലിലാണ് ചോപ്ര തന്റെ അഭിപ്രായം വ്യക്തമാക്കുന്നത്.