|

മാന്‍ ഓഫ് ദി സീരീസ് അവന്‍ കൊണ്ടുപോകും: ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെ രാജ്‌ക്കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിന്റെ ചരിത്ര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എന്നാല്‍ ഇന്ത്യന്‍ വിജയത്തിന് പിന്നിലെ മറ്റൊരു നിര്‍ണായകഘടകം ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ പ്രകടനമാണ്.

പക്ഷെ രണ്ട് തവണ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ജയ്സ്വാളിന് നഷ്ടമായിരുന്നു. രണ്ടാം ടെസ്റ്റില്‍ 9/81 എന്ന വിക്കറ്റ് നേട്ടത്തില്‍ ജസ്പ്രീത് ബുംറ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടി. മൂന്നാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയതിനും 13-ാം ഫൈഫര്‍ നേടിയതിനും രവീന്ദ്ര ജഡേജയ്ക്ക് അവാര്‍ഡ് ലഭിച്ചു.

എന്നിരുന്നാലും, പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡ് ജയ്സ്വാളിന് ലഭിക്കുമെന്നാണ് ക്രിക്കറ്റ് അനലിസ്റ്റ് ആകാശ് ചോപ്ര വിശ്വസിക്കുന്നത്.

‘യശസ്വി ഇതുവരെ ഒരു മാന്‍ ഓഫ് ദി മാച്ച് പോലും നേടിയിട്ടില്ലായിരിക്കാം, പക്ഷേ ധര്‍മ്മശാലയില്‍ വെച്ച് അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡുമായി നടക്കും,’ ചോപ്ര എക്‌സില്‍ല്‍ കുറിച്ചു.

മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയിലാണ് ടീം പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 236 പന്തില്‍ നിന്ന് 214 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 12 സിക്‌സറുകളും 14 ബൗണ്ടറിയുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ജയ്‌സ്വാളിന് പുറമേ ശുഭ്മന്‍ ഗില്‍ 91 റണ്‍സും സര്‍ഫറാസ് ഖാന്‍ 68 റണ്‍സും നേടിയിരുന്നു.

ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ 80 റണ്‍സും രണ്ടാം ടെസ്റ്റില്‍ 209 റണ്‍സിന്റെ ഇരട്ട സെഞ്ച്വറിയും താരത്തിനുണ്ട്. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ടാണ് ഈ 22കാരന്‍ റെക്കോഡുകള്‍ വാരിക്കൂട്ടുന്നത്.
നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് മത്സരങ്ങളിലെ 13 ഇന്നിങ്സില്‍ നിന്നും താരം 861 റണ്‍സാണ് ഇതുവരെ നേടിയത്.

മാത്രമല്ല 71.75 എന്ന മികച്ച ആവറേജും 68.99 സ്ട്രൈക്ക് റേറ്റും ജയ്സ്വാള്‍ സ്വന്തമാക്കി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടുന്ന താരവും ജയ്സ്വാള്‍ തന്നെയാണ്. മറ്റൊരു പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഈ നേട്ടത്തിലൊന്നും മറ്റൊരു ഇന്ത്യക്കാരനും എത്തിയിട്ടില്ല എന്നതാണ്. ഇവിടെ കൊണ്ടും ഈ ഓപ്പണര്‍ ആധിപത്യം നിര്‍ത്തിയില്ല, 25 സിക്സറും 90 ബൗണ്ടറിയും സ്വന്തമാക്കി മുന്നില്‍ തന്നെയാണ് അവന്‍.

അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരത്തില്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് മുന്നില്‍. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെ ജെ.എസ്.സി.എ സ്റ്റേഡിയം കോംപ്ലക്‌സിലാണ് നടക്കുക.

Content Highlight: Akash Chopra Talks About Yashasvi Jaiswal