അവൻ ഇതിനുമുമ്പ് ഇങ്ങനെ സമ്മർദത്തിലാവുന്നത് ഞാൻ കണ്ടിട്ടില്ല: ഇന്ത്യൻ താരത്തെക്കുറിച്ച് ആകാശ് ചോപ്ര
Cricket
അവൻ ഇതിനുമുമ്പ് ഇങ്ങനെ സമ്മർദത്തിലാവുന്നത് ഞാൻ കണ്ടിട്ടില്ല: ഇന്ത്യൻ താരത്തെക്കുറിച്ച് ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th August 2024, 8:57 am

ഇന്ത്യ-ശ്രീലങ്ക മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ശ്രീലങ്ക സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീട് നടന്ന രണ്ട് മത്സരവും വിജയിച്ചുകൊണ്ട് ശ്രീലങ്ക പരമ്പര വിജയം ഉറപ്പാക്കുകയായിരുന്നു. നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീലങ്ക ഇന്ത്യക്കെതിരെ ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നത്.

മത്സരങ്ങളില്‍ മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിരയില്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്താതെ പോയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒഴികെയുള്ള ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോവുകയായിരുന്നു. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും നിരാശാജനകമായ പ്രകടനമായിരുന്നു നടത്തിയത്.

ഇപ്പോഴിതാ കോഹ്‌ലിയുടെ മോശം പ്രകടനങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായി ആകാശ് ചോപ്ര. സ്പിന്നര്‍മാരെ നേരിടാന്‍ കോഹ്‌ലി ഇത്തരത്തില്‍ ബുദ്ധിമുട്ടുന്നത് താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്നാണ് ചോപ്ര പറഞ്ഞത്.

‘വിരാട് കോഹ്‌ലി സ്പിന്നര്‍മാര്‍ക്കെതിരെ മൂന്ന് ഇന്നിങ്‌സുകളിലും എല്‍.ബി.ഡബ്യൂ ആവുകയാണ് ചെയ്തത്. ക്രിക്കറ്റില്‍ ഇതിനുമുമ്പ് കോഹ്‌ലിയില്‍ ഇങ്ങനെ സംഭവിച്ചത് ഞാന്‍ ഓര്‍ക്കുന്നില്ല. അവന്‍ തെറ്റായ ലൈനിലൂടെയാണ് കളിച്ചത്. പരമ്പരയില്‍ സ്വയം അടിച്ചേല്‍പ്പിക്കാന്‍ കോഹ്‌ലിക്ക് സാധിക്കില്ല,’ ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

മൂന്നു മത്സരങ്ങളിലും എല്‍.ബി.ഡബ്യൂ ആയാണ് കോഹ്‌ലി പുറത്തായത്. ആദ്യ ഏകദിനത്തില്‍ 32 പന്തില്‍ 24 റണ്‍സ് നേടിയാണ് കോഹ്‌ലി മടങ്ങിയത്. രണ്ടാം മത്സരത്തില്‍ 19 പന്തില്‍ 14 റണ്‍സാണ് കോഹ്‌ലി നേടിയത്. അവസാന മത്സരത്തില്‍ 18 പന്തില്‍ 20 റണ്‍സ് നേടി വിരാട് പുറത്തായി.

2023 ഐ.സി.സി ഏകദിന ലോകകപ്പിന് ശേഷം വിരാട് ആദ്യമായി കളിക്കുന്ന ഏകദിന പരമ്പര ആയിരുന്നു ഇത്. എന്നാല്‍ ഈ പരമ്പരയില്‍ ആരാധകര്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കോഹ്‌ലിക്ക് സാധിക്കാതെ പോവുകയായിരുന്നു. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. ഈ സീരീസില്‍ വിരാട് ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

 

Content Highlight: Akash Chopra Talks About Virat Kohli Poor Performance Against Srilanka