|

അവനെ അടുത്ത സീസണിൽ ആർ.സി.ബി നിലനിർത്തണം, ക്യാപ്റ്റൻ സ്ഥാനവും നൽകണം: മുൻ ഇന്ത്യൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

2024ലെ ആവേശകരമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് അന്ത്യം കുറിച്ചിരിക്കുകയാണ്. മെയ് 25ന് നടന്ന ഫൈനലില്‍ സണ്‍റൈസ് ഹൈദരാബാദിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐ.പി.എല്ലിലെ തങ്ങളുടെ മൂന്നാം കിരീടം നേടിയിരുന്നു.

ഈ സീസണിലും വിരാട് കോഹ്‌ലിയുടെയും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആദ്യ ഐ.പി.എല്‍ കിരീടമെന്ന സ്വപ്നം ഈ സീസണിലും അകലെ നില്‍ക്കുകയായിരുന്നു.

സീസണിലെ ആദ്യ എട്ട് മത്സരങ്ങളില്‍ ഏഴും പരാജയപ്പെട്ട ബെംഗളൂരു പിന്നീട് നടന്ന ആറ് മത്സരങ്ങളും അത്ഭുതകരമായി വിജയിച്ചുകൊണ്ട് ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് പ്ലേ ഓഫിലേക്ക് മുന്നേറിയത്. എന്നാല്‍ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനോട് നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെട്ട് ബെംഗളൂരു പുറത്താവുകയായിരുന്നു.

ഇപ്പോഴിതാ അടുത്ത സീസണില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലനിര്‍ത്തണമെന്നും ക്യാപ്റ്റന്‍ സ്ഥാനം വിരാടിന് നല്‍കണമെന്നും പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

‘എന്റെ അഭിപ്രായത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലനിര്‍ത്തേണ്ട താരങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് വിരാട് കോഹ്‌ലിയാണ്. അവന്‍ അടുത്ത സീസണിലും റോയല്‍ ചലഞ്ചേഴ്‌സിനും ഉണ്ടാകുമെന്ന് കോഹ്‌ലിക്കും അറിയാം. അടുത്ത സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ പുതിയൊരു നായകനെ തേടേണ്ടി വരും. എന്നാല്‍ വീണ്ടും വിരാട് ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കണം,’ ആകാശ് ചോപ്ര പറഞ്ഞു.

ഈ സീസണിലെ ഓറഞ്ച് ക്യാപ്പ് കോഹ്‌ലിയാണ് സ്വന്തമാക്കിയത്. 15 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 741 റണ്‍സാണ് കോഹ്‌ലി നേടിയത്. 61.75 ആവറേജിലും 154.70 സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

ഐ.പി.എല്ലിലെ വിരാടിന്റെ രണ്ടാം ഓറഞ്ച് ക്യാപ്പ് നേട്ടമായിരുന്നു ഇത്. ഇതിനുമുമ്പ് 2016 സീസണിലായിരുന്നു കോഹ്ലി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. 16 മത്സരങ്ങളില്‍ നിന്നും നാല് സെഞ്ച്വറികളും ഏഴ് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 973 റണ്‍സാണ് കോഹ്‌ലി നേടിയത്.

ഇതിനുപിന്നാലെ ഒരു ചരിത്ര നേട്ടവും വിരാട് സ്വന്തമാക്കി. ഐ.പി.എല്‍ ചരിത്രത്തില്‍ രണ്ട് സീസണുകളില്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തം പേരില്‍ കുറിച്ചത്.

Content Highlight: Akash Chopra Talks about Virat Kohli