| Wednesday, 17th January 2024, 6:19 pm

ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനും സഞ്ജുവിനോട് മോശമായി പെരുമാറുന്നു: ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ജനുവരി 17ന് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അവസാനത്തെ ടി ട്വന്റി നടക്കാനിരിക്കുകയാണ്. മത്സരത്തിനു മുമ്പായി ജിതേഷ് ശര്‍മക്ക് പകരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര മാനേജ്‌മെന്റിനോട് ആവശ്യപ്പെടുന്നത്.

2024ലെ ഐ.സി.സി ടി ട്വന്റി ലോകകപ്പിന് മുന്നോടിയായി ജിതേഷ് ശര്‍മയെയും സഞ്ജുവിനെയും താരതമ്യം ചെയ്യാനുള്ള അവസരമായി ഇത് കാണണമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. എന്തൊക്കെയാലും ഒരു കളിയുടെ അടിസ്ഥാനത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിനെ വിലയിരുത്തുന്നത് ശരിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ജിതേഷിനെയാണോ സഞ്ജുവിനെയാണോ ആറാം നമ്പറില്‍ ഇറക്കേണ്ടതെന്ന് ചോദ്യമാണ് ഇവിടെ ഉള്ളത്. ആര്‍ക്കായിരിക്കും ലോകകപ്പില്‍ സ്ഥാനം ഉണ്ടാവുക. അപ്പോള്‍ നിങ്ങള്‍ സഞ്ജുവിനെ കുറിച്ച് ചിന്തിക്കേണ്ടിവരും,’ചോപ്ര പറഞ്ഞു.

ഒരു മത്സരത്തെ മാത്രം അടിസ്ഥാനമാക്കി സഞ്ജുവിനെ വിലയിരുത്തുന്നത് അനുചിതമാണെന്നും ക്രിക്കറ്റ് അനലിസ്റ്റ് ചോപ്ര പറഞ്ഞു. സൗത്ത് ആഫ്രിക്കക്കെതിരായ അവസാന ഏകദിനത്തില്‍ സെഞ്ച്വറി നേടിയാണ് സഞ്ജു ഇന്ത്യയെ വിജയിപ്പിച്ചത്. ശേഷം താരത്തിന് അഫ്ഗാനിസ്ഥാന്‍ എതിരെയുള്ള ടി ട്വന്റി മത്സരത്തിലും സ്ഥാനം ലഭിച്ചിട്ടില്ലായിരുന്നു.

ഒരു കളിക്കാരന് തന്റെ കഴിവ് തെളിയിക്കാന്‍ മൂന്ന് അവസരങ്ങള്‍ നല്‍കണമെന്നാണ് ചോപ്ര അഭ്യര്‍ത്ഥിക്കുന്നത്. സഞ്ജുവിന് ന്യായമായ അവസരം നല്‍കണമെന്ന് മുന്‍ താരം അടിവരയിട്ട് പറഞ്ഞു.

‘അതിനും ഒരു മറുവശമുണ്ട്, നിങ്ങള്‍ അവനെ കളിപ്പിച്ചെന്നു കരുതുക ഒരു മത്സരം കൊണ്ട് അവനെ വിലയിരുത്താമോ? അത് തെറ്റാണ്, നിങ്ങള്‍ അയാള്‍ക്ക് കുറഞ്ഞത് മൂന്ന് അവസരങ്ങള്‍ എങ്കിലും നല്‍കുക. അതുതന്നെയാണ് സഞ്ജുവിന്റെ കരിയറില്‍ ഉടനീളം സംഭവിച്ചത്,’ചോപ്ര കൂട്ടിച്ചേര്‍ത്തു.

Content Highlight: Akash Chopra Talks About Sanju Samson

We use cookies to give you the best possible experience. Learn more