| Monday, 16th September 2024, 8:29 pm

പാകിസ്ഥാനെതിരെ ആ കാര്യം ചെയ്യാൻ സാധിക്കാത്തതിൽ സച്ചിൻ വളരെ നിരാശനായി: മുൻ ഇന്ത്യൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരുപാട് സംഭാവനകള്‍ നല്‍കിയ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ നിരാശനായ ഒരു നിമിഷത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നഷ്ടമായതിന് പിന്നാലെ സച്ചിന്‍ നിരാശനായിരുന്നുവെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഡ്രസിങ് റൂമില്‍ ആയിരുന്നു, പക്ഷേ ഞാന്‍ അവിടെയുള്ള സംഭാഷണങ്ങളില്‍ ഉണ്ടായിരുന്നില്ല. അന്ന് എനിക്ക് വളരെ ചെറുപ്പം ആയതിനാല്‍ ഞാന്‍ അതിന്റെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നില്ല. അന്ന് സച്ചിൻ സന്തോഷവാനായിരുന്നില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ അദ്ദേഹത്തെ ആദ്യമായി അസന്തുഷ്ടനായി കണ്ടു. ഇതിനുമുമ്പ് അദ്ദേഹത്തെ ഇത്തരത്തില്‍ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. അദ്ദേഹം വളരെ നിരാശനായിരുന്നു,’ ആകാശ് ചോപ്ര പറഞ്ഞു.

മുള്‍ട്ടാനില്‍ നടന്ന പാകിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ പുറത്താവാതെ 194 റണ്‍സായിരുന്നു സച്ചിന്‍ നേടിയത്. മത്സരത്തില്‍ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 675 റണ്‍സിന് അഞ്ച് വിക്കറ്റുകള്‍ എന്ന നിലയില്‍ ആയിരുന്നു.

ഈ സമയത്തായിരുന്നു ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഇതോടെ മത്സരത്തില്‍ സച്ചിന്റെ ഡബിള്‍ സെഞ്ച്വറി നഷ്ടമാവുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ സച്ചിന് ഇരട്ട സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല.

അന്നത്തെ മത്സരത്തില്‍ ഈ നേട്ടം സ്വന്തമാക്കാനുള്ള സുവര്‍ണാവസരം ആയിരുന്നു ഇന്ത്യന്‍ ഇതിഹാസത്തിന് നഷ്ടമായത്. ഈ മത്സരത്തില്‍ ആകാശ് ചോപ്രയും ഇന്ത്യന്‍ ടീമിനുവേണ്ടി കളിച്ചിരുന്നു. മത്സരത്തില്‍ 42 റണ്‍സാണ് ചോപ്ര നേടിയത്.

Content Highlight: Akash Chopra Talks About Sachin Tendulker

We use cookies to give you the best possible experience. Learn more