ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച സ്പിന്‍ ട്വിന്‍സ്, രണ്ട് പേരെയും നിങ്ങള്‍ നഷ്ടപ്പെടുത്തി; രാജസ്ഥാനെതിരെ ആഞ്ഞടിച്ച് സൂപ്പര്‍ താരം
Sports News
ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച സ്പിന്‍ ട്വിന്‍സ്, രണ്ട് പേരെയും നിങ്ങള്‍ നഷ്ടപ്പെടുത്തി; രാജസ്ഥാനെതിരെ ആഞ്ഞടിച്ച് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 4th December 2024, 8:20 am

ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്‍ 2025ന് മുന്നോടിയായുള്ള റിറ്റെന്‍ഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചത്. സഞ്ജുവും ജെയ്സ്വാളും പരാഗും നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയിലുണ്ടാകുമെന്ന് ഉറപ്പിച്ച ആരാധകര്‍ക്ക് അണ്‍ക്യാപ്ഡ് താരത്തെ കുറിച്ചും കണക്കുകൂട്ടലുകളുണ്ടായിരുന്നു.

എന്നാല്‍ ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചാണ് ധ്രുവ് ജുറെലിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. ഏറെ സസ്പെന്‍സിന് ശേഷം അവസാന നിമിഷമാണ് ജുറെലിന്റെ കാര്യത്തില്‍ തീരുമാനമായത്. ജോസ് ബട്‌ലറിനും ആര്‍. അശ്വിനും യൂസി ചഹലിനും മുകളിലായി ജുറെല്‍ റിറ്റെന്‍ഷന്‍ ലിസ്റ്റില്‍ ഇടം നേടിയത് ആരാധകരെ സംബന്ധിച്ചും സര്‍പ്രൈസായി.

താരലേലത്തില്‍ മൂവര്‍ക്കുമായി രാജസ്ഥാന്‍ ശ്രമിച്ചെങ്കിലും ആരെയും തിരികെയെത്തിക്കാന്‍ ടീമിന് സാധിച്ചിരുന്നില്ല. ജോസ് ബട്‌ലറിനെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയപ്പോള്‍ അശ്വിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ചെപ്പോക്കിലെത്തിച്ചു. 18 കോടിയെന്ന റെക്കോഡ് തുക നല്‍കി പഞ്ചാബ് കിങ്‌സാണ് ചഹലിനെ സ്വന്തമാക്കിയത്.

താരലേലത്തില്‍ അശ്വിനെയും ചഹലിനെയും നഷ്ടപ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. അടുത്ത സീസണില്‍ രാജസ്ഥാന്റെ സ്പിന്‍ ഡിപ്പാര്‍ട്‌മെന്റ് വെല്ലുവിളി നേരിടുമെന്നും തങ്ങളുടെ ഏറ്റവും മികച്ച സ്പിന്നര്‍മാരെ രാജസ്ഥാന്‍ നഷ്ടപ്പെടുത്തിയെന്നും ചോപ്ര പറഞ്ഞു.

‘യൂസി ചഹലും ആര്‍. അശ്വിനും ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമില്ല. അവരായിരുന്നു സാധ്യമായിരുന്ന ഏറ്റവും മികച്ച സ്പിന്‍ ട്വിന്‍സ്. എന്നാല്‍ നിങ്ങളവരെ കൈവിട്ടുകളഞ്ഞു. ഒരാളെ പോലും നിലനിര്‍ത്താന്‍ നിങ്ങള്‍ ശ്രമിച്ചില്ല. ഇതോടെ താരലേലത്തില്‍ മികച്ച സ്പിന്നര്‍മാരെ അന്വേഷിക്കേണ്ട അവസ്ഥ രാജസ്ഥാനുണ്ടായി.

അവര്‍ വാനിന്ദു ഹസരങ്കയെയും മഹീഷ് തീക്ഷണയെയുമാണ് ലേലത്തില്‍ സ്വന്തമാക്കിയത്.  സവായ് മാന്‍സിങ് സ്‌റ്റേഡിയം (രാജസ്ഥാന്റെ ഹോം സ്‌റ്റേഡിയം) അവര്‍ക്ക് അനുയോജ്യമാകുമെന്നാണ് എനിക്ക് തോന്നുന്നത്.

ഇതൊരു വലിയ ഗ്രൗണ്ടാണ്, ഇവര്‍ രണ്ട് പേരുമാകട്ടെ സുനില്‍ നരെയ്‌നെ പോലെയോ റാഷിദ് ഖാനെ പോലെയോ അല്ല. നിങ്ങളുടെ തീരുമാനം ശരിയായിരുന്നോ എന്ന് രണ്ട് തവണ ചിന്തിക്കണം,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.

5.5 കോടി രൂപയ്ക്കാണ് ശ്രീലങ്കയുടെ ബാറ്റിങ് ഓള്‍ റൗണ്ടറെ രാജസ്ഥാന്‍ ടീമിലെത്തിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓക്ഷന്‍ പൂളിലേക്കിറക്കിവിട്ട വലംകയ്യന്‍ ഓഫ് ബ്രേക്കറായ മഹീഷ് തീക്ഷണയെ 4.40 കോടിക്കും ടീം സ്വന്തമാക്കി.

എന്നാല്‍ ഇവര്‍ക്ക് പകരം പരിചയസമ്പത്തുള്ള പിയൂഷ് ചൗളയെ സ്വന്തമാക്കാന്‍ രാജസ്ഥാന്‍ ശ്രമിക്കണമായിരുന്നു എന്നും ചോപ്ര അഭിപ്രായപ്പെട്ടു. താരലേലത്തില്‍ ചോപ്ര അണ്‍സോള്‍ഡാവുകയായിരുന്നു.

 

Content Highlight: Akash Chopra talks about Rajasthan Royals’ auction strategy