| Sunday, 15th October 2023, 12:03 pm

ആദ്യം സെമിയിലെത്തുക ആ ടീമായിരിക്കും: ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന ലോകകപ്പിൽ തുടർച്ചയായി മൂന്ന് മത്സരങ്ങളും വിജയിച്ചു കൊണ്ട് മുന്നേറുകയാണ് ന്യൂസിലാൻഡ്. ഈ സാഹചര്യത്തിൽ ന്യൂസിലാൻഡിന്റെ പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ന്യൂസിലാൻഡ് ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറുകയാണെന്നും കിവീസ് മികച്ച ഫോമിലാണെന്നുമാണ്‌ ചോപ്ര പറഞ്ഞത്.

‘ലോകകപ്പിൽ മൂന്ന് കളികളിൽ മൂന്നിലും അവർ ജയിച്ചു. ന്യൂസിലാൻഡ് ആയിരിക്കും സെമിയിലേക്ക് മുന്നേറുന്ന ആദ്യ ടീം. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ പെട്ടന്ന് തന്നെ സ്കോർ ചെയ്യുന്നു ഒപ്പം കോൺവേ മികച്ച തുടക്കവും നൽകുന്നു. ഡാരിൽ മിച്ചലും രചിൻ രവീന്ദ്രയും നന്നായി കളിക്കുന്നു. ഇതുകൊണ്ട്തന്നെ കിവീസ് ഏകപക്ഷീയമായ വിജയങ്ങളാണ് നേടുന്നത്,’ ചോപ്ര തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

‘കറുത്ത ജേഴ്സി ധരിക്കുന്നത് കൊണ്ട് അവർ കറുത്ത കുതിരകളല്ല. ന്യൂസിലാൻഡിന് സെമിയിലേക്ക് മുന്നേറാൻ മികച്ച അവസരമുണ്ട് തീർച്ചയായും അവർക്ക് മികച്ച ഒരു സ്‌ക്വാഡ് ഉണ്ട്,’ അദ്ദേഹം കൂട്ടിചേർത്തു.

കിവീസ് ലോകകപ്പിൽ സ്വപ്നതുല്യമായ കുതിപ്പാണ് നടത്തുന്നത്. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ തോൽപ്പിച്ചുകൊണ്ടാണ് കിവീസ് ലോകകപ്പിലേക്ക് വരവറിയിച്ചത്.

പിന്നീട് നെതർലാൻഡ്സിനെയും ബംഗ്ലാദേശിനെയും വീഴ്ത്തി സെമിഫൈനൽ സാധ്യത സജീവമാക്കി നിലനിർത്തിയിരിക്കുകയാണ്.

2015ലും 2019ലും കയ്യെത്തും ദൂരത്തുനിന്നും നഷ്ടപ്പെട്ട കിരീടം ഈ വർഷം കിവീസ്  കൈപിടിയിലാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഒക്ടോബർ 18ന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാൻഡിന്റെ അടുത്ത മത്സരം. ചെന്നൈ ചിദംബരം സ്റ്റേഡിയമാണ്‌ വേദി.

Content Highlight: Akash Chopra talks about New zealand performance in Worldcup.

We use cookies to give you the best possible experience. Learn more