| Tuesday, 23rd January 2024, 3:36 pm

കോഹ്‌ലിക്ക് പകരം അവനെ എടുക്കണം: ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ജനുവരി 25ന് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നടക്കാനിരിക്കുകയാണ്. എന്നാല്‍ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി കളിക്കില്ലെന്ന് നേരത്തെ അറിയിച്ചതാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് താരം രണ്ട് ടെസ്റ്റില്‍ നിന്നും മാറി നില്‍ക്കുന്നതെന്ന് ബോര്‍ഡ് അറിയിച്ചിരുന്നു.

എന്നാല്‍ വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിന് പകരക്കാരനായി ദേവ്ദത്ത് പടിക്കലിനെ ഉള്‍പ്പെടുത്തണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര അഭിപ്രായപ്പെടുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് കോഹ്ലിയുടെ പകരക്കാരനായി പടിക്കലിനെ ചോപ്ര തെരഞ്ഞെടുത്തത്.

”ഈ വിടവില്‍ ഇടംകൈയ്യനായ ദേവ്ദത്ത് പടിക്കലിനെ പരിഗണിക്കുക. അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെ പ്രതിനിധീകരിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, അദ്ദേഹത്തിന്റെ മികച്ച ബാറ്റിങ് ഫോം കാരണം അദ്ദേഹത്തിന് വര്‍ത്തമാനകാലത്ത് സ്വാധീനം ചെലുത്താനുള്ള കഴിവുണ്ട്. അടുത്തിടെ അദ്ദേഹം ഇരട്ട സെഞ്ച്വറി നേടി. അദ്ദേഹത്തിന്റെ ബാറ്റിങ് മറ്റൊരു തലത്തിലാണ്, എല്ലാ മത്സരങ്ങളിലും അദ്ദേഹം സ്ഥിരമായി റണ്‍സ് നേടുന്നു,’ ചോപ്ര പറഞ്ഞു.

‘അദ്ദേഹത്തിന് പ്രത്യേക വൈദഗ്ധ്യമുണ്ട്, സ്പിന്നിനും പേസിനും എതിരെ മികവ് പുലര്‍ത്തുന്നു. അവന്‍ പ്രശംസനീയമായ സ്വഭാവം പ്രകടിപ്പിക്കുന്നു. മൂന്ന് ഫോര്‍മാറ്റ് കളിക്കാരനായത് അദ്ദേഹത്തിന്റെ വൈവിധ്യം വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ ഐ.പി.എല്ലിന് മുമ്പുള്ള ഒന്നൊന്നര വര്‍ഷം അദ്ദേഹം വെല്ലുവിളികളെ നേരിട്ടു, എന്നാല്‍ ഐ.പി.എല്‍ 2023 മുതല്‍, എല്ലാ മത്സരങ്ങളിലും അദ്ദേഹം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തി. എങ്കില്‍ എന്തുകൊണ്ട് ദേവദത്ത് പടിക്കല്‍ പരിഗണിക്കുന്നില്ല?”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

28 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 41.08 ശരാശരിയില്‍ 1849 റണ്‍സാണ് ഈ യുവ ക്രിക്കറ്റ് താരം നേടിയത്.

ഫസ്റ്റ് ക്ലാസ്, ലിസ്റ്റ്-എ ക്രിക്കറ്റിലെ തന്റെ അവസാന 10 ഇന്നിങ്‌സുകളിലും അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയത്. നാല് സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളും പടിക്കല്‍ നേടിയിട്ടുണ്ട്. പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കര്‍ണാടകക്ക് വേണ്ടി 193 റണ്‍സിന്റെ ശ്രദ്ധേയമായ ഇന്നിങ്‌സ് താരം കാഴ്ച്ചവെച്ചിട്ടുണ്ട്.

Content Highlight: Akash Chopra Talks About Devdutt Padikkal

We use cookies to give you the best possible experience. Learn more