2025 ഐ.പി.എല്ലിന് മുന്നോടിയായ മെഗാ താരലേലത്തില്‍ 10 ഫ്രാഞ്ചൈസികളും മികച്ച താരങ്ങളെയാണ് തെരഞ്ഞെടുത്തത്. മാത്രമല്ല ഒരുപാട് മികച്ച താരങ്ങള്‍ അണ്‍ സോള്‍ഡ് ലിസ്റ്റില്‍ എത്തിയ സീസണ്‍ കൂടിയായിരുന്നു ഇത്. അത്തരത്തില്‍ ഈ വര്‍ഷം അണ്‍സോള്‍ഡ് ലിസ്റ്റില്‍ എത്തി ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച താരമായിരുന്നു ശര്‍ദുല്‍ താക്കൂര്‍. ഒരു ഫ്രാഞ്ചൈസി പോലും താരത്തെ സ്വന്തമാക്കാന്‍ എത്തിയില്ലായിരുന്നു.
2018 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിച്ച താരമാണ് ശര്‍ദുല്‍. എന്നാല്‍ 2024 ഐ.പി.എല്ലില്‍ താരത്തിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ പോയി. ചെന്നൈയില്‍ വര്‍ഷങ്ങളായി ബോളിങ്ങിലും ബാറ്റിങ്ങിലും ശര്‍ദുല്‍ മികവ് പുലര്‍ത്തിയതാണ്. ഇപ്പോള്‍ താരത്തിന് പിന്തുണയുമായി വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഒരു ടീം പോലും താരത്തെ സ്വന്തമാക്കാന്‍ ശ്രമിക്കാത്തതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു കമന്റേറ്റര്‍ കൂടിയായ ആകാശ് ചോപ്ര.
‘ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല, താക്കൂര്‍ അടുത്ത ഐ.പി.എല്ലില്‍ ഉണ്ടാവില്ല എന്ന വാര്‍ത്ത എനിക്ക് ശരിക്കും ഒരു സര്‍പ്രൈസാണ് നല്‍കിയത്. ക്രിക്കറ്റിലെ പ്രശ്‌നങ്ങള്‍ കൊണ്ടാണെങ്കിലും, അതിന് പുറത്തുള്ള പ്രശ്‌നങ്ങള്‍ ആണെങ്കിലും, ഒരു ടീമും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു.
ആദ്യത്തെ തവണയും രണ്ടാമത്തെ തവണയും അദ്ദേഹത്തിന്റെ പേര് വിളിച്ചിട്ടും ആരും വാങ്ങാന്‍ തയ്യാറായില്ല. ചെന്നൈ സൂപ്പര്‍ കിങ്സ് എല്ലാവരെയും വിളിക്കാന്‍ കൈ പൊക്കി, അദ്ദേഹത്തിന് വേണ്ടി മാത്രം ഒന്നും ചെയ്തില്ല. അവര്‍ക്ക് വേണ്ടി മുമ്പ് കളിച്ച എല്ലാ ഫാസ്റ്റ് ബോളര്‍മാരെയും എടുക്കാന്‍ നോക്കി. എന്ത് കൊണ്ടാണ് അവര്‍ ഇങ്ങനെ ചെയ്തത്,’ ആകാശ് ചോപ്ര പറഞ്ഞു.
Content Highlight: Akash Chopra Talking About Shardul Thakur