സഞ്ജുവിനെ അവര്‍ വീഴ്ത്തും, അടുത്ത മത്സരം നിര്‍ണായകം; യൂട്യൂബ് ചാനലില്‍ സംസാരിച്ച് ആകാശ് ചോപ്ര
Sports News
സഞ്ജുവിനെ അവര്‍ വീഴ്ത്തും, അടുത്ത മത്സരം നിര്‍ണായകം; യൂട്യൂബ് ചാനലില്‍ സംസാരിച്ച് ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 8th October 2024, 12:14 pm

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സിന്റെ വിജയലക്ഷ്യം 49 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

മത്സരത്തില്‍ അവസരം ലഭിച്ച മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 19 പന്തില്‍ ആറ് ഫോര്‍ അടക്കം 29 റണ്‍സടിച്ചാണ് സഞ്ജു മടങ്ങിയത്. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ആകാശ് ചോപ്ര സഞ്ജുവിനെക്കുറിച്ച് പറഞ്ഞത്

‘അവന്‍ 29 റണ്‍സ് നേടി മികവ് പുലര്‍ത്തി. എനിക്ക് പറയാനുള്ള ഒരേയൊരു കാര്യം അവന്‍ ടീമിലെത്തിയതിനാല്‍ കുറച്ചുകൂടി മുന്നോട്ട് പോകണം എന്നാണ്. കുറച്ച് റണ്‍സ് കൂടി സ്‌കോര്‍ ചെയ്യണം, അല്ലാത്തപക്ഷം അവര്‍ അവനെ വീഴ്ത്തും. അവന്‍ അകത്തും പുറത്തുമായി കളിക്കേണ്ടിവരും. ബാറ്റിങ്ങില്‍ മുകളിലേക്കും താഴേക്കും അവന്‍ മാറും.

അവന്‍ പന്ത് തട്ടി നില്‍ക്കുന്നത് കണ്ടില്ല, ഒന്നിനുപുറകെ ഒന്നായി അവന്‍ അടിക്കുകയായിരുന്നു. പരമ്പരയിലെ ശേഷിക്കുന്ന മത്സരത്തില്‍ സഞ്ജുവിന്റെ പ്രകടനം നിര്‍ണായകമാണ്. ഇന്ത്യന്‍ ടി-20ഐ ടീമുമായുള്ള അവന്റെ ഭാവി തീരുമാനിക്കുന്നത് അതാണ്,’ ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഇതുവരെ സഞ്ജു ടി-20യില്‍ 31 മത്സരത്തിലെ 27 ഇന്നിങ്‌സില്‍ നിന്ന് 473 റണ്‍സ് നേടിയിട്ടുണ്ട്. 77 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും രണ്ട് അര്‍ധ സെഞ്ച്വറിയും ഫോര്‍മാറ്റില്‍ സഞ്ജുവിന് ഉണ്ട്.

ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ പരമ്പരയില്‍ 1-0ന്റെ ലീഡ് നേടാനും ഇന്ത്യക്കായി. ഒക്ടോബര്‍ ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദി.

 

Content Highlight: Akash Chopra Talking About Sanju Samson