2025 ഐ.പി.എല്ലിനോട് അനുബന്ധിച്ച ചൂടേറിയ ചര്‍ച്ചകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസിയില്‍ നിന്നും രോഹിത് ശര്‍മ മാറുമെന്നാണ് കമന്റേറ്ററും ക്രിക്കറ്റ് നിരീക്ഷകമുമായ ആകാശ് ചോപ്ര പറഞ്ഞത്.
‘രോഹിത് ശര്‍മ മുംബൈയില്‍ തുടരില്ല. മുംബൈായുമായുള്ള അവരുടെ ബന്ധം അവസാനിച്ചിരിക്കുകയാണ്. അവന്‍ അത് സ്വയം ഉപേക്ഷിച്ചതാണ്. രോഹിത്തിനെ അവര്‍ നിലനിര്‍ത്തുന്നതിനെക്കുറിച്ച് എന്റെ പക്കില്‍ വിവരങ്ങളൊന്നുമില്ല.
പക്ഷെ അവന്‍ ഇനി അവിടെ തുടരില്ലെന്ന് എനിക്ക് തോന്നുന്നു. അവന്‍ പുറത്ത് പോകും. ട്രേഡ് വിന്‍ഡോയിലൂടെ മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് പോകാന്‍ കഴിയുന്നതുകൊണ്ട് ലേലത്തില്‍ അവന്‍ വരില്ലെന്ന് തോന്നുന്നു,’ ആകാശ് ചോപ്ര പറഞ്ഞു.
2024ലെ ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായ ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സ് എത്തിച്ചിരുന്നു. എന്നാല്‍ മുംബൈക്ക് വേണ്ടി അഞ്ച് ഐ.പി.എല്‍ ട്രോഫികള്‍ നേടിക്കൊടുത്ത മികച്ച ക്യാപ്റ്റന്‍ രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റിയതില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ രോഹിത്തും മുംബൈ വിടുമെന്ന രീതിയില്‍ സൂചനകള്‍ നല്‍കിയിരുന്നു.
എന്നാല്‍ ഇതുവരെ ഈ കാര്യത്തില്‍ മുംബൈ ഫ്രാഞ്ചൈസി തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. അതേസമയം 2024 ഐ.പി.എല്ലില്‍ ഹര്‍ദിക്ക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ പത്താം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. 4 മത്സരങ്ങളില്‍ നിന്ന് നാല് വിജയം മാത്രമാണ് ടീമിന് സ്വന്തമാക്കാന്‍ സാധിച്ചത്.