2024ലെ ദുലീപ് ട്രോഫി ടീമുകളെ നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. അതില്‍ ടീം ബിയെ നയിക്കുന്നത് അണ്‍ ക്യാപ്ഡ് താരമായ അഭിമന്യു ഈശ്വറാണ്. 94 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് താരം കളിച്ചത്. ടീമിലെ പരിജയസമ്പന്നനായ കളിക്കാരനാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷബ് പന്ത്.
ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും മിന്നും പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. എന്നാല്‍ ദുലീപ് ട്രോഫിയില്‍ താരത്തിന് ടീമിന്റെ ക്യാപ്റ്റന്‍ റോള്‍ കൊടുക്കാത്തതിന് വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് കമന്റേറ്ററും നിരീക്ഷകനുമായ ആകാശ് ചോപ്ര. അഭിമന്യുവിനേക്കാള്‍ യോഗ്യനായ താരം റിഷബാണെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. മാത്രമല്ല ഇന്ത്യന്‍ യുവ താരം ശുഭ്മന്‍ ഗില്ലിന് എ ടീം ക്യാപ്റ്റാനായി തെരഞ്ഞടുത്തിട്ടുണ്ട്. ഇതോടെ പന്തിന് ക്യാപ്റ്റന്‍ സ്ഥാനം നല്‍കാത്തതിനേയും ചോപ്ര ചോദ്യം ചെയ്തു.
‘റിഷബ് പന്ത് ക്യാപ്റ്റന്‍ അല്ല. അഭിമന്യു ഈശ്വരിന്റെ ടീമില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഭിമന്യുവിന്റെ ക്യാപ്റ്റന്‍സിയിലാണ് അദ്ദേഹം കളിക്കുന്നത്. പന്തിന് ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ എന്തുകൊണ്ടാണ് സ്ഥാനമില്ലാതായത്? എനിക്ക് അല്‍പ്പം ആശ്ചര്യമുണ്ട്. റിഷബ് പന്തിന്റെ ഏറ്റവും മികച്ച വേര്‍ഷന്‍ ടെസ്റ്റ് ക്രിക്കറ്റാണ്. അതിനാല്‍ വ്യക്തിപരമായി ഞാന്‍ ഇതിനോട് യോജിക്കുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സൗത്ത് ആഫ്രിക്കയിലും ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ടെസ്റ്റ് മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ ഒരേയൊരു വിക്കറ്റ് കീപ്പര്‍ അദ്ദേഹമാണ്.
അദ്ദേഹം ഒരു ക്യാപ്റ്റന്‍സി സ്ഥാനം അര്‍ഹിക്കുന്നു. എന്നിരുന്നാലും, ശുഭ്മാന്‍ ഗില്‍, റിതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, അഭിമന്യു ഈശ്വരന്‍ എന്നിവര്‍ പോലും ക്യാപ്റ്റനായപ്പോള്‍ പന്ത് ഒരു ക്യാപ്റ്റന്‍ അല്ല, എന്റെ അഭിപ്രായത്തില്‍ അത് ഒരു വലിയ എടുത്തുചാട്ടമാണ്,’ആകാശ് ചോപ്ര പറഞ്ഞു.