മെല്‍ബണില്‍ നടന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യ 184 റണ്‍സിന് പരാജയപ്പെട്ടിരുന്നു. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും നിര്‍ണായക മത്സരം ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് നടക്കാനിരിക്കുന്നത്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍വെച്ചാണ് മത്സരം നടക്കുക. നിലവില്‍ 2-1ന് ഓസ്‌ട്രേലിയയാണ് പരമ്പരയില്‍ മുന്നില്‍.
നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനമായിരുന്നു യശസ്വി ജെയ്‌സ്വാളും റിഷബ് പന്തും കാഴ്ചവെച്ചത്. എന്നാല്‍ നിര്‍ണായകഘട്ടത്തില്‍ ട്രാവിസ് ഹെഡ്ഡിന്റെ പന്തില്‍ മോശം ഷോട്ട് കളിച്ച് പന്ത് വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ ഇന്ത്യ വീണ്ടും തകരുകയായിരുന്നു. ഒരു ഘട്ടത്തില്‍ വിജയിക്കാമെന്ന് കരുതിയെങ്കിലും പന്തിന്റെ മോശം ബാറ്റിങ് ഇന്ത്യയെ കാര്യമായി ബാധിച്ചു.
ഇതോടെ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ താരത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ പന്തിനെ പിന്തുണച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. റിസ്‌കുള്ള ഷോട്ടുകള്‍ കളിക്കുന്നത് പന്തിന്റെ ശൈലിയാണെന്നും അത് താരം തുടരുമെന്നും ചോപ്ര പറഞ്ഞു. മാത്രമല്ല അത്തരത്തില്‍ കളിച്ച് ടീമിന് വേണ്ടി വലിയ വിജയങ്ങള്‍ പന്ത് നേടിക്കൊടുത്തിട്ടുണ്ടെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
‘അവന്റെ ബാറ്റിങ് ശൈലിയെ ചോദ്യം ചെയ്യാനാകില്ല. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും റിഷബ് പന്ത് മാറില്ല. ഉയര്‍ന്ന റിസ്‌കെടുത്ത് ഉയര്‍ന്ന റിസള്‍ട്ട് തരുന്ന ക്രിക്കറ്റ് കളിക്കുന്നത് അവന്‍ തുടരും. നിങ്ങള്‍ക്ക് അവനെ വിമര്‍ശിക്കാം, എന്നാല്‍ ടീമിനായി അവന്‍ മുന്‍കാലങ്ങളില്‍ ചെയ്ത കാര്യങ്ങള്‍ ഓര്‍ക്കുക. ഇന്ത്യയ്ക്ക് വേണ്ടി പന്ത് വലിയ മത്സരങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്,’ ആകാശ് ചോപ്ര പറഞ്ഞു.
നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷ അസ്തമിച്ച ഇന്ത്യയ്ക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങേണ്ടിയും വരും.
ആറ് മാസം മുമ്പാണ് ദ്രാവിഡില്‍ നിന്നും പരിശീലക സ്ഥാനം ഗംഭീര്‍ ഏറ്റെടുത്തതിന് ശേഷം ശ്രീലങ്കയോടും ഹോം ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലാന്‍ഡിനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. രാഹുല്‍ ദ്രാവിഡിന് ശേഷം പരിശീലകസ്ഥാനമേറ്റ മുന്‍ താരം ഗൗതം ഗംഭീറിനും നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നരുന്നാലും ഇന്ത്യ സിഡ്‌നിയില്‍ വിജയം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Akash Chopra Talking About Rishabh Pant