| Wednesday, 30th October 2024, 3:20 pm

പൊന്നും വിലകൊടുത്ത് അവനെ വാങ്ങാന്‍ നാല് ഫ്രാഞ്ചൈസികള്‍; ഐ.പി.എല്‍ 30 കോടിവരെ ലഭിക്കാവുന്ന താരത്തെക്കുറിച്ച് ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.പി.എല്ലിനോട് അനുബന്ധിച്ച ചൂടേറിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. മെഗാ ലേലത്തിന് ഏതെല്ലാം താരങ്ങളെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുമെന്നും വിട്ടയക്കുമെന്നുമറിയാനുള്ള ആവേശത്തിലാണ് ആരാധകര്‍. ഒക്ടോബര്‍ 31 വരെയാണ് ഫ്രാഞ്ചൈസികള്‍ക്ക് താരങ്ങളുടെ നിലനിര്‍ത്തല്‍ പട്ടിക തയ്യാറാക്കാനുള്ള അവസാന തിയ്യതി.

ഇതോടെ ദല്‍ഹി ക്യാപ്റ്റനും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ റിഷബ് പന്തിനെ വിട്ടയക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ലേലത്തില്‍ എത്തിയാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് തുടങ്ങിയ ഫ്രാഞ്ചൈസികള്‍ താരത്തെ റാഞ്ചാന്‍ ഒരുക്കമാണെന്നാണ് ചോപ്ര പറഞ്ഞത്.

റിഷബ് പന്തിനെക്കുറിച്ച് ആകാശ് ചോപ്ര പറഞ്ഞത്

‘ റിഷബ് ലേലത്തിലെത്തിയേക്കുമെന്ന് പറയുന്നുണ്ട്, ടി-20യില്‍ താരത്തിന്റെ സ്റ്റാറ്റി കുറവാണെങ്കിലും എല്ലാവരുടെയും ബാങ്ക് കാലിയാകുമെന്ന് ഞാന്‍ രേഖാമൂലം ഉറപ്പിക്കുന്നു. ആര്‍.സി.ബിക്ക് അവനെ വേണം, ദല്‍ഹിക്ക് അവനെ തിരികെ വേണം.

കെ.കെ.ആറിനും അവനെ വേണം. സി.എസ്.കെയും അവന് വേണ്ടി നില്‍ക്കും. ഇഷാന്‍ കിഷനെ ഒഴിവാക്കിയാല്‍ മുംബൈയ്ക്കും അദ്ദേഹത്തെ ആവശ്യമായി വരും.
25 മുതല്‍ 30 കോടി രൂപ വരെ അവന് ലഭിക്കും. രാജസ്ഥാന്‍ റോയല്‍സ് ഒഴികെ എല്ലാവര്‍ക്കും റിഷബിനെ ആവശ്യമുണ്ട്. ഗുജറാത്തിനും അവനെ ആവശ്യമായി വന്നേക്കും. അവര്‍ക്ക് വിക്കറ്റ് കീപ്പര്‍ ഇല്ല,’ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

വാഹനാപകടത്തിന് ശേഷം റിഷബ് പന്തിന്റെ തിരിച്ചുവരവ്

2022ലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ പന്തിന് ചികിത്സയ്ക്ക് വേണ്ടി ഒരു വര്‍ഷത്തിലേറെ ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ 2024ലെ ഐ.പി.എല്ലില്‍ താരം തിരിച്ചുവരുകയും മികവ് പുലര്‍ത്തുകയും ചെയ്തിരുന്നു.

2024 ഐ.പി.എല്ലില്‍ 13 മത്സരങ്ങളില്‍ നിന്ന് 446 റണ്‍സാണ് താരം അടിച്ചെടുത്തത്. ഗുജറാത്തിനെതിരെ 88* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും സീസണില്‍ പന്തിനുണ്ട്. 40.54 ആവറേജും 155.40 സ്‌ട്രൈക്ക് റേറ്റുമായിരുന്നു 2024ല്‍ പന്തിന്.

ഐ.പി.എല്ലില്‍ ഇതുവരെ 111 മത്സരത്തിലെ 110 ഇന്നിങ്‌സില്‍ നിന്ന് 3284 റണ്‍സാണ് താരം നേടിയത്. 35.31 ആവറേജും 148.93 സ്‌ട്രൈക്ക് റേറ്റും പന്ത് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെയാണ് താരത്തിന്റെ റണ്‍വേട്ട.

Content Highlight: Akash Chopra Talking About Rishabh Pant

We use cookies to give you the best possible experience. Learn more