2025 ഐ.പി.എല്ലിന്റെ സീസണിനുള്ള ക്യാപ്റ്റനെ കഴിഞ്ഞ ദിവസമാണ് റോയല്‍ ചലഞ്ചേഴ്സ് ബെഗംളൂരു പ്രഖ്യാപിച്ചത്. രജത് പാടിദാറിന് കീഴിലാണ് ആര്‍.സി.ബി പുതിയ സീസണില്‍ കളത്തിലിറങ്ങുക. ഫ്രാഞ്ചൈസിയുടെ എട്ടാമത് നായകനായാണ് ഈ മധ്യപ്രദേശുകാരന്‍ ചുമതലയേല്‍ക്കുന്നത്.
ആര്‍.സി.ബി മാനേജ്‌മെന്റ് യോഗത്തിലാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. നേരത്തെ ക്യാപറ്റന്‍സി വിട്ടൊഴിഞ്ഞ വിരാട് കോഹ്‌ലി പുതിയ സീസണില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടാണ് ആര്‍.സി.ബി. പുതിയ ക്യാപറ്റനെ പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു താരം.
‘ആര്‍.സി.ബിയുടെ പുതിയ ക്യാപ്റ്റനായി രജത് പാടിദാറിനെ തെരഞ്ഞെടുത്തു, ഇത് കാണാന്‍ രസകരമായ ഒരു തെരഞ്ഞെടുപ്പായിരിക്കും. തുടക്കത്തില്‍, വിരാട് കോഹ്‌ലി തുടരുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു, പക്ഷേ പിന്നീട് അദ്ദേഹമല്ലെന്ന് തെളിഞ്ഞു. രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, കെവിന്‍ പീറ്റേഴ്സണ്‍, ഡാനിയേല്‍ വിറ്റോറി, ഷെയ്ന്‍ വാട്‌സണ്‍, ഫാഫ് ഡു പ്ലെസിസ്, ഏറ്റവും കൂടുതല്‍ കാലം ടീമിനെ നയിച്ച കോഹ്‌ലി തുടങ്ങിയ ക്യാപ്റ്റന്‍മാരുടെ നീണ്ട നിരയ്ക്ക് ശേഷം ആര്‍.സി.ബിയെ നയിക്കുന്ന എട്ടാമത്തെ കളിക്കാരനായി പാടിദാര്‍ മാറി.
ഒരു ഫ്രാഞ്ചൈസിയുടെ വിജയം വിലയിരുത്തുമ്പോള്‍, അവര്‍ എത്ര ട്രോഫികള്‍ നേടിയിട്ടുണ്ട് എന്നതിലാണ് നമ്മള്‍ പലപ്പോഴും നോക്കുന്നത്. ആര്‍.സി.ബി ഇതുവരെ ഒരു കിരീടം നേടിയിട്ടില്ലെങ്കിലും അത് അവരെ പരാജയപ്പെടുത്തുന്നില്ല. അവര്‍ക്ക് ഇപ്പോഴും മികച്ച ട്രാക്ക് റെക്കോഡുണ്ട്. സ്ഥിരമായി മത്സരക്ഷമത നിലനിര്‍ത്തുകയും ഒരിക്കലും പട്ടികയുടെ അടിത്തട്ടില്‍ ഫിനിഷ് ചെയ്യുകയും ചെയ്തിട്ടില്ല,
രജത് പാടിദാറിനെ ക്യാപ്റ്റനായി നിയമിച്ചുകൊണ്ട് ആര്‍.സി.ബി ധീരമായ ഒരു ചുവടുവെപ്പാണ് നടത്തിയത്. ടീമിന് ഒരു പുതിയ യുഗം ആരംഭിച്ചു. 31 വയസുള്ളപ്പോള്‍, അവന്‍ ഒരു പുതുമുഖമല്ല, പക്ഷേ ഇന്ത്യയ്ക്കായി 10ല്‍ താഴെ അന്താരാഷ്ട്ര മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. സമാനമായ അന്താരാഷ്ട്ര പരിചയസമ്പത്തുള്ള സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സ് അവരുടെ ക്യാപ്റ്റനാക്കിയത് ഞാന്‍ ഓര്‍മിക്കുന്നു,’ ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ അഭിപ്രായപ്പെട്ടു.
സീനിയര്‍ താരം ക്രുണാല്‍ പാണ്ഡ്യയെയും ആര്‍.സി.ബി നായക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ പാടിദാറിന് നറുക്കുവീഴുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിന്റെ ക്യാപ്റ്റനാണ് 31കാരനായ രജത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ ഫൈനലിലെത്തിക്കാനും താരത്തിന് സാധിച്ചിരുന്നു.
2021ലാണ് പാടിദാര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ഭാഗമാകുന്നത്. സീസണില്‍ കളിച്ച നാല് മത്സരത്തില്‍ നിന്നും 71 റണ്‍സാണ് താരം സ്വന്തമാക്കിയത്. ശേഷം ഐ.പി.എല്‍ 2022ന് മുമ്പ് നടന്ന മെഗാ താര ലേലത്തിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്സ് പാടിദാറിനെ വിട്ടുകളഞ്ഞിരുന്നു. പിന്നീട് താരത്തെ തിരികെ ടീമിലെത്തിക്കുകയും ചെയ്തു.
ഐ.പി.എല്‍ 2025ന്റെ മെഗാ താരലേലത്തിന് മുമ്പ് 11 കോടിനല്‍കിയാണ് ടീം രജത്തിനെ നിലനിര്‍ത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ആര്‍.സി.ബി ക്യാപ്റ്റനാവുമോ എന്ന ചോദ്യത്തിന് ഉത്തരവാദിത്തം ഏല്‍പ്പിച്ചാല്‍ സന്തോഷത്തോടെ ഏറ്റെടുക്കുമെന്നായിരുന്നു താരത്തിന്റെ പ്രതികണം.
(താരം – സ്പാന്‍ എന്നീ ക്രമത്തില്‍)
രാഹുല്‍ ദ്രാവിഡ് – 2008
കെവിന്‍ പീറ്റേഴ്സണ്‍ – 2009
അനില്‍ കുംബ്ലെ – 2009-2010
ഡാനിയല്‍ വെറ്റോറി – 2011-2012
വിരാട് കോഹ്‌ലി – 2011-2023
ഷെയ്ന്‍ വാട്‌സണ്‍ – 2017
ഫാഫ് ഡു പ്ലെസി – 2022-2024
രജത് പാടിദാര്‍ – 2025*
Content Highlight: Akash Chopra Talking About Rajat Patidar And Sanju Samson