|

പ്രശസ്തി നേടാന്‍ ഒരു ജീവിതകാലം മുഴുവന്‍ വേണം, അത് നശിപ്പിക്കാന്‍ ഒരു നിമിഷം മതി; സൂപ്പര്‍ താരത്തിന് നിര്‍ദേശവുമായി ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്തിടെ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനല്‍ മത്സരത്തില്‍ മധ്യപ്രദേശിനെ പരാജയപ്പെടുത്തി മുംബൈ ചാമ്പ്യന്‍മാരായിരുന്നു. എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് മുംബൈ വിജയിച്ചുകയറിയത്. മത്സരത്തില്‍ മുംബൈ ഓപ്പണര്‍ പൃഥ്വി ഷാ വെറും 10 റണ്‍സിനാണ് പുറത്തായത്.

സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച താരത്തെ ടീം പുറത്താക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി മോശം ഫിറ്റ്‌നസിന്റെ പേരിലും പ്രകടനത്തിന്റെ കാര്യത്തിലും പൃഥ്വി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

മാത്രമല്ല രഞ്ജി ടീമില്‍ നിന്നും പൃഥ്വിയെ നേരത്തെ പുറത്താക്കിയിരുന്നു. ശേഷം 2025 ഐ.പി.എല്ലില്‍ 70 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരത്തെ ആരും വാങ്ങിയില്ല. ഇപ്പോള്‍ വിജയ് ഹസാരെ ട്രോഫിയുടെ മുംബൈ ടീമില്‍ നിന്നും താരത്തെ പുറത്താക്കിയിരിക്കുകയാണ്.

ഇതോടെ പൃഥ്വി ഷായെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. പൃഥ്വി ഷാ തന്റെ കരിയര്‍ നശിപ്പിക്കുകയാണെന്നും തിരിച്ചുവരാന്‍ താരത്തിന് കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നും ചോപ്ര പറഞ്ഞു.

ആകാശ് ചോപ്ര പൃഥ്വിയെക്കുറിച്ച് പറഞ്ഞത്

‘അവന് ഐ.പി.എല്‍ കരാറില്ല, വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈക്ക് വേണ്ടി കളിക്കില്ല. അവന്‍ റണ്‍സ് നേടുന്നില്ല, അവന്റെ കരിയര്‍ ഒരു സ്ലിപ്പറി മോഡിലാണെന്ന് നിങ്ങള്‍ക്ക് തോന്നും. അവന്‍ ക്രിക്കറ്റിനെ നിസാരമായി കാണുകയാണെന്നും കഠിനാധ്വാനം ചെയ്തില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്,

അതില്‍ 25 ശതമാനം സത്യമാണെങ്കിലും, വലിയ ആശങ്കയാണ്. പ്രശസ്തിയും അഭിമാനവും കെട്ടിപ്പടുക്കാന്‍ ഒരു ജീവിതകാലം മുഴുവന്‍ വേണം, എന്നാല്‍ അത് നശിപ്പിക്കാന്‍ ഒരു നിമിഷം മതി. അവന്റെ പ്രശസ്തി നശിച്ചിരിക്കുന്നു. അവന് അര്‍പ്പണബോധവും അച്ചടക്കവും ഉണ്ടെന്നും തെളിയിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും,’ ആകാശ് ചോപ്ര പറഞ്ഞു.

Content Highlight: Akash Chopra Talking About Prithvi Shaw