മുംബൈ ഇന്ത്യന്‍സ് ലക്ഷ്യം വെക്കുന്നത് അവരെ; വമ്പന്‍ തെരഞ്ഞെടുപ്പുമായി ആകാശ് ചോപ്ര
Sports News
മുംബൈ ഇന്ത്യന്‍സ് ലക്ഷ്യം വെക്കുന്നത് അവരെ; വമ്പന്‍ തെരഞ്ഞെടുപ്പുമായി ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th November 2024, 3:29 pm

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് 2025 ഐ.പി.എല്ലിന്റെ മെഗാ താരലേലത്തിനാണ്. നവംബര്‍ 24- 25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ വെച്ചാണ് ലേലം നടക്കുക. 18ാം സീസണിന് മുന്നോടിയായി എല്ലാ ഫ്രാഞ്ചൈസികളും തങ്ങളുടെ നിലനിര്‍ത്തല്‍ പട്ടിക പുറത്ത് വിട്ടിരുന്നു.

ജസ്പ്രീത് ബുംറ (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹര്‍ദിക് പാണ്ഡ്യ (16.35 കോടി), രോഹിത് ശര്‍മ (16.30 കോടി), തിലക് വര്‍മ (8 കോടി) എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത്. ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ലക്ഷ്യം വെക്കാന്‍ സാധ്യതയുള്ള താരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

ആകാശ് ചോപ്ര പറഞ്ഞത്

‘അവരുടെ ബാറ്റിങ് ഒരിക്കല്‍ കൂടി ശക്തമാക്കി, അവര്‍ ഒരു ഫാസ്റ്റ് ബൗളറെ മാത്രമേ നിലനിര്‍ത്തിയിട്ടുള്ളൂ, കൂടുതല്‍ ആവശ്യമാണ്. എല്ലാ കളിയിലും തങ്ങളുടെ ബാറ്റിങ് നിരയെ ആശ്രയിക്കാന്‍ മുംബൈക്ക് കഴിയില്ല. അവര്‍ ലേലത്തില്‍ വിദേശ ബൗളര്‍മാര്‍ക്കായി പോയേക്കാം. അവര്‍ ചഹലിനെ ലക്ഷ്യമിടും, പക്ഷെ അവര്‍ക്ക് അവനെ ലഭിക്കുമോ എന്ന് എനിക്ക് ഉറപ്പില്ല. വാഷിങ്ടണ്‍ സുന്ദറാണ് മറ്റൊരു ഓപ്ഷന്‍,’ ആകാശ് ചോപ്ര പറഞ്ഞു.

2024 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 15 ഇന്നിങ്സുകളില്‍ നിന്ന് 18 വിക്കറ്റ് വീഴ്ത്തിയ യൂസി സീസണില്‍ ടീമിന്റെ രണ്ടാം വിക്കറ്റ് വേട്ടക്കാരനാണ്. മാത്രമല്ല ഐ.പി.എല്ലില്‍ 205 വിക്കറ്റ് സ്വന്തമാക്കി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനും ചഹലിന് സാധിച്ചിരുന്നു.

മുംബൈ ഇന്ത്യന്‍സ് ലക്ഷ്യമിടുന്ന വിക്കറ്റ് കീപ്പറെക്കുറിച്ച് ചോപ്ര പറഞ്ഞത്

മുംബൈക്ക് ഒരു വിക്കറ്റ് കീപ്പറെ കൂടെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ആകാശ് ചോപ്ര പറഞ്ഞു. ഇഷാന്‍ കിഷന്‍, ക്വിന്റണ്‍ ഡി. കോക്ക്, ജിതേഷ് ശര്‍മ, ഫില്‍ സാള്‍ട്ട് എന്നിവരെ സാധ്യതയുള്ള ഓപ്ഷനുകളായി ചോപ്ര തെരഞ്ഞെടുത്തു.

‘അവര്‍ ഇഷാന്റെ പിന്നാലെ പോകും. പക്ഷേ അവനെ കിട്ടില്ല. ക്വിന്റണ്‍ ഡി കോക്കും ഒരു ഓപ്ഷനാണ്, പക്ഷേ അവര്‍ക്ക് ബാറ്റിങ് ഓപ്പണ്‍ ചെയ്യാന്‍ കഴിയുന്ന ഫില്‍ സാള്‍ട്ടിനെപ്പോലെ ഒരാളെ ആവശ്യമാണ്. ജിതേഷും ഓപ്ഷനില്‍ ഉണ്ട്,’ ആകാശ് ചോപ്ര പറഞ്ഞു.

മുംബൈക്ക് മെഗാ ലേലത്തിന് ശേഷിക്കുന്ന തുക: 45 കോടി

ആര്‍.ടി.എം ഓപ്ഷനുകള്‍: 1 (ഒരു അണ്‍ ക്യാപ്ഡ് താരത്തെ)

 

Content Highlight: Akash Chopra Talking About Mumbai Indians Seeking Players In 2025 IPL