ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. ഡിസംബര്‍ 14 മുതല്‍ 18 വരെ ഗാബയിലാണ് മത്സരം അരങ്ങേറുന്നത്. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ 1-1ന് സമനിലയിലാണ് ഇരുവരും.
പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി തിരിച്ചെത്തുമെന്ന് ആരാധകര്‍ ഏറെ സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തിലും താരത്തിന്റെ സാന്നിധ്യം തുലാസിലാണ്. 2023 ഏകദിന ലോകകപ്പില്‍ കാലിന് പരിക്ക് പറ്റിയ ഷമി ഏറെ കാലം ചികിത്സയിലായിരുന്നു. തുടര്‍ന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിരിച്ചെത്തി വമ്പന്‍ പ്രകടനമാണ് താരം കാഴ്ചവെച്ചത്.
ഇപ്പോള്‍ താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഷമിയെ ഇലവനില്‍ എടുക്കാന്‍ സാധ്യതയില്ലെന്നും അത് ഒരു സങ്കടകരമായ യാഥാര്‍ത്ഥ്യമാണെന്നുമാണ് ചോപ്ര പറഞ്ഞത്.
‘മുഹമ്മദ് ഷമി ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ ഫിറ്റ്നസില്‍ സംശയങ്ങളുണ്ടായിരുന്നു, എന്നാല്‍ തിരിച്ചെത്തിയ ശേഷം ഫാസ്റ്റ് ബൗളര്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിരവധി മത്സരങ്ങള്‍ കളിച്ചു, മികച്ച പ്രകടനമായിരുന്നു അദ്ദേഹം പുറത്തെടുത്തത്,
ഷമിയുടെ സാധ്യതകളെക്കുറിച്ച് രോഹിത് ശര്‍മയോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് അവനോടൊപ്പം റിസ്‌ക് എടുക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഷമി ഓസ്ട്രേലിയയിലേക്ക് പോകുമോ ഇല്ലയോ എന്നത് തുലാസിലായിരുന്നു,
അവന്‍ ടീമിനൊപ്പം ചേരാന്‍ പോകുന്നില്ലെന്നാണ് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. നിങ്ങള്‍ക്ക് ഷമിയുടെ കാര്യത്തില്‍ ഉറപ്പില്ലെങ്കില്‍, അതിനര്‍ത്ഥം അവന് അവസരമില്ല എന്നാണ്. ഇത് വളരെ ദുഃഖകരമായ യാഥാര്‍ത്ഥ്യമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു,’ ആകാശ് ചോപ്ര പറഞ്ഞു.
Content Highlight: Akash Chopra Talking About Mohammad Shami